രാജ്യസഭാ സീറ്റ് : കേരള കോണ്‍ഗ്രസിനു വേണ്ടി ലീഗിന്റെ കടുത്ത സമ്മര്‍ദ്ദം

#

ന്യൂഡല്‍ഹി (07-06-18) : രാജ്യസഭയിലേക്ക് ഒഴിവു വരുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി മുസ്ലീംലീഗ്. യു.ഡി.എഫില്‍ നിന്ന് ജനതാദള്‍(യു) വിട്ടുപോയതിനുശേഷം കൂടുതല്‍ കക്ഷികള്‍ വിട്ടു പോകാന്‍ ഇട നല്‍കാതെ മുന്നണിയുടെ അടിത്തറ തകരാതെ സംരക്ഷിക്കാന്‍ കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കി പാര്‍ട്ടിയുടെ മുന്നണി പ്രവേശനം സുഗമമാക്കണമെന്ന ആവശ്യമാണ് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുന്നോട്ട് വച്ചിരിക്കുന്നത്.

ഒരു സീറ്റ് മാത്രമാണ് ഒഴിവുള്ളതെന്നതിനാല്‍ അത് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞെങ്കിലും വഴങ്ങാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ യു.ഡി.എഫില്‍ തുടരുന്നതിനെക്കുറിച്ച് ലീഗിനും പുനരാലോചന നടത്തേണ്ടി വരുമെന്ന് കുഞ്ഞാലിക്കുട്ടി സൂചന നല്‍കിയത് ചര്‍ച്ചകള്‍ക്ക് വല്ലാത്ത പിരിമുറുക്കം നല്‍കി.

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന ആവശ്യത്തില്‍ കുഞ്ഞാലിക്കുട്ടി ഉറച്ചുനില്‍ക്കുമെന്ന് മനസ്സിലാക്കിയാണ്, രാജ്യസഭാസീറ്റ് കോണ്‍ഗ്രസ് വിട്ടുനല്‍കില്ലെന്ന് ഉമ്മന്‍ചാണ്ടി പരസ്യപ്രസ്താവന നടത്തിയത്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയാല്‍, അതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിയുടെ ചുമലിലാകും എന്ന് മനസ്സിലാക്കി മുന്‍കൂട്ടിയുള്ള നീക്കമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പരസ്യപ്രസ്താവന.