മാണിക്ക് സീറ്റ് നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയിലുദിച്ച ആശയം : പി.ജെ.കുര്യന്‍

#

ന്യൂഡല്‍ഹി (08-06-18) : കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന് രാജ്യസഭ സീറ്റ് നല്‍കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം ഉമ്മന്‍ചാണ്ടിയാണെന്ന് പി.ജെ.കുര്യന്‍. രാജ്യസഭാസീറ്റ് നല്‍കിയാല്‍ മാത്രമേ കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് വരൂ എന്ന സാഹചര്യം സൃഷ്ടിച്ച് ഹൈക്കമാന്‍ഡിനു മുന്നില്‍ എത്തിക്കുകയായിരുന്നു. ഏതാനും നേതാക്കന്മാര്‍ ചേര്‍ന്ന് സ്വേച്ഛാധിപത്യപരമായി എടുത്ത തീരുമാനമാണിത്. രാഷ്ട്രീയകാര്യസമിതിയോ കെ.പി.സി.സി എക്‌സിക്യൂട്ടീവോ കൂടിയിട്ടില്ല. സാധാരണഗതിയില്‍ രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടുന്നതാണ് രീതി. അത് ഇത്തവണയുണ്ടായില്ല.

തനിക്കെതിരേ പ്രായത്തിന്റെ പേര് പറഞ്ഞ് എതിര്‍പ്പുയര്‍ത്തിയത് ഉമ്മന്‍ചാണ്ടിയുമായി ഏറ്റവും അടുപ്പമുള്ള യുവാക്കളാണ്. ഉമ്മന്‍ചാണ്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഡി.സി.സി പ്രസിഡന്റും ആ കൂട്ടത്തിലുണ്ട്. ചിലരെ ഒതുക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഗൂഡനീക്കമാണ് മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിലെത്തിയത്. എം.പി.വീരേന്ദ്രകുമാറിന് സീറ്റ് നല്‍കുന്നതും ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിരുന്നില്ല. വീരേന്ദ്രകുമാര്‍ മുന്നണി വിട്ടുപോയി.

ഇത്തവണ രാജ്യസഭാ സീറ്റ് വേണ്ട എന്നു പറയരുതെന്ന് ഹൈക്കമാന്‍ഡിലെ ഉത്തരവാദപ്പെട്ട ചിലര്‍ തന്നോട് നേരിട്ട് കണ്ട് പരഞ്ഞതുകൊണ്ടാണ്  യുവനേതാക്കളുടെ എതിര്‍പ്പുണ്ടായപ്പോള്‍, മത്സരിക്കാനില്ല എന്ന് താന്‍ പറയാതിരുന്നതെന്ന് കുര്യന്‍ പറഞ്ഞു. 2012 ലും തനിക്ക് പകരം മറ്റൊരാളെയാണ് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചതെന്ന് ഓര്‍മ്മിപ്പിച്ച കുര്യന്‍, മാണി സ്ഥാനാര്‍ത്ഥിയാകുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ചു. ഇനി തീരുമാനത്തില്‍ മാറ്റമുണ്ടാകരുതെന്നും എടുത്ത തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചുനില്‍ക്കണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.