കോണ്‍ഗ്രസ് നാശത്തിലേക്കെന്ന് സുധീരന്‍ ; യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു

#

തിരുവനന്തപുരം (08-06-18) : കേരള കോണ്‍ഗ്രസിന് രാജ്യസഭാസീറ്റ് നല്‍കിയത് കോണ്‍ഗ്രസിനെ വലിയ നാശത്തിലേക്ക് നയിക്കുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. യു.ഡി.എഫ് യോഗത്തിലേക്ക് കെ.എം.മാണി കടന്നുവന്നപ്പോള്‍ യോഗത്തില്‍ നിന്നിറങ്ങി പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തീരുമാനം മുന്നണിയെ ശക്തിപ്പെടുത്തില്ല. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെ നാശത്തിലേക്ക് നയിച്ച് യു.ഡി.എഫിനെ എങ്ങനെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് സുധീരന്‍ ചോദിച്ചു.

ഐക്യമുന്നണി സംവിധാനത്തിന്റെ വിജയം നിലനില്‍ക്കുന്നത് സുതാര്യമായ പ്രവര്‍ത്തനത്തിലാണ്. എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് വേണം മുന്നണി തീരുമാനമെടുക്കാനെന്ന് സുധീരന്‍ പറഞ്ഞു. തീരുമാനം അണികള്‍ക്ക് സ്വീകാര്യമാകണം. ജനങ്ങള്‍ക്ക് സ്വീകാര്യമാകണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പ് ഇതുപോലെ ക്ഷണിച്ചുവരുത്തിയ  ഒരു സംഭവമുണ്ടായിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടു എന്ന വികാരമാണുള്ളത്.

മുന്നണിക്കകത്തില്ലാത്ത ഒരു പാര്‍ട്ടിക്ക് രാജ്യസഭാസീറ്റ് നല്‍കാനുള്ള തീരുമാനം ഒട്ടും സുതാര്യമായല്ല എടുത്തത്. ബന്ധപ്പെട്ട വേദികളില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഈ തീരുമാനങ്ങളുടെ ഗുണഭോക്താവ് ബി.ജെ.പിയാണെന്ന് സുധീരന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം തീരുമാനങ്ങളോട് യോജിക്കാനാവില്ല. വിയോജിപ്പ് പരസ്യമായി തന്നെ പറയുകയാണ്. എല്ലാകാര്യങ്ങളും യു.ഡി.എഫ് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. യോഗത്തിന്റെ അവസാനഘട്ടത്തില്‍ (കെ.എം.മാണി യോഗത്തിനെത്തിയപ്പോള്‍) പ്രതിഷേധ സൂചകമായി താന്‍ വിട്ട് നിന്നെന്നും സുധീരന്‍ പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്  ഇന്നലെ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷന് സന്ദേശം അയച്ചുവെന്ന് സുധീരന്‍ അറിയിച്ചു.