ഫ്രാൻസിസ് ജോർജും വരണമെന്ന് വാഴയ്ക്കൻ

#

(09.06.2018) : കേരള കോൺഗ്രസ് (മാണി) യു.ഡി.എഫിലേക്ക് തിരിച്ചു വന്ന സാഹചര്യത്തിൽ മാണി ഗ്രൂപ്പിൽ നിന്ന് വിട്ടുപോയ ജനാധിപത്യ കേരള കോൺഗ്രസിനെയും യു.ഡി.എഎഫിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വാഴയ്ക്കൻ ഈ ആവശ്യം ഉന്നയിച്ചത്.മാണിയുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പാർട്ടി വിട്ടു പുതിയ പാർട്ടി രൂപീകരിച്ച ഫ്രാൻസിസ് ജോർജ്, ഡോ.കെ.സി.ജോസഫ്, ആന്റണിരാജു എന്നിവരുൾപ്പെടെയുള്ളവരെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുക വഴി മാണി ഗ്രൂപ്പിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് വാഴയ്ക്കന്റെ ശ്രമം.

യു.ഡി.എഫ് വിട്ടുപോയ കെ.എം മാണി നേത്രത്വം നൽകുന്ന കേരളാകോൺഗ്രസിനെ, ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കുക എന്ന വിശാല ലക്ഷ്യത്തോടെ കോൺഗ്രസ് വിട്ടുവീഴ്ച്ച ചെയ്യ്തു, രാജ്യസഭാ സീറ്റെന്ന കനത്ത വിലനൽകി യു.ഡി.എഫിലേക്കു തിരിച്ചു കൊണ്ടുവന്ന സാഹചര്യത്തിൽ കേരളാകോൺഗ്രസ്(എം) ലെ അഭിപ്രായ ഭിന്നതമൂലം മുന്നണി വിട്ടുപോയ ഫ്രാൻസീസ് ജോർജ് നേത്രത്വം നൽകുന്ന ജനാധിപത്യ കേരളാകോൺഗ്രസിനെകൂടി യു.ഡി.എഫിൽ എത്തിക്കാൻ കേരളാകോൺഗ്രസ്(എം) മുൻകൈ എടുക്കണം എന്നാണു വാഴയ്ക്കൻ എഫ്ബിയിൽ കുറിച്ചത് അവർകൂടി വന്നാലേ കേരളാകോൺഗ്രസ് പൂർണ്ണമാകുകയുള്ളു, പ്രത്യേകിച്ചു എറണാകുളം ഇടുക്കി ജില്ലകളിൽ. ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു അവരുടെ കൂടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുതെന്നും വാഴയ്ക്കൻ ഓർമ്മിപ്പിക്കുന്നു.

ജോസ് കെ.മാണി രാജ്യസഭയിലേക്ക് പോകുന്നതോടെ അടുത്ത ലോക്സഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ കേരള കോൺഗ്രസിൽ കുത്തിത്തിരിപ്പുണ്ടാക്കാനാണ് വാഴയ്ക്കൻ ശ്രമിക്കുന്നത്. കോട്ടയമായാലും ഇടുക്കിയായാലും കേരള കോൺഗ്രസ് മത്സരിക്കുന്ന ലോക്സഭാ സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് വരുന്നയാൾക്ക് നൽകാമെന്ന ഫോർമുലയുണ്ടാക്കി അവരെ തിരികെ കൊണ്ടുവരണമെന്ന നിർദ്ദേശം മുന്നോട്ടു വച്ച് കേരളാകോൺഗ്രസിൽ പരമാവധി അന്തഃഛിദ്രം സൃഷ്ടിക്കുകയാണ് വാഴയ്ക്കന്റെയും കൂട്ടരുടെയും ലക്‌ഷ്യം. കോട്ടയം-ഇടുക്കി ജില്ലകളിലെ കോൺഗ്രസ് നേതാക്കൾ, കേരള കോൺഗ്രസ് തിരികെ വരുന്നതിനോട് തീരെ യോജിപ്പില്ലാത്തവരാണ്.