വിജയിച്ചത് സി.പി.എമ്മിനെ കാട്ടി കുഞ്ഞാലിക്കുട്ടിയുടെ ബ്ലാക്‌മെയില്‍

#

തിരുവനന്തപുരം (09-06-18) : സി.പി.എം നേതാക്കളും കെ.എം.മാണിയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദം മുന്‍നിറുത്തി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയ സാധ്യതകളാണ് മാണിക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ബ്ബന്ധിതമാക്കിയത്. രാജ്യസഭയിലേക്ക് കെ.എം.മാണി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നും അങ്ങനെ വന്നാല്‍ ഇടതുമുന്നണിയുടെ അധികമുള്ള വോട്ടുകള്‍ മാണിക്ക് ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. അത്തരമൊരു സാഹചര്യത്തില്‍ മാണിയെ പിന്തുണയ്ക്കാതിരിക്കാന്‍ മുസ്ലീംലീഗിന് കഴിയാതെ വന്നേക്കാം എന്ന കുഞ്ഞാലിക്കുട്ടിയുടെ പരോക്ഷമായ ഭീഷണി കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. രാജ്യസഭയിലേക്ക് മാണി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ അത് ഇടതുമുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ പ്രവേശനം സുഗമമാക്കുമെന്നും മാണി കൂടി ഉള്‍പ്പെടുന്ന ഇടതുമുന്നണിയിലേക്ക് പോകാന്‍ മുസ്ലീംലീഗിന് വലിയ പ്രയാസമുണ്ടാകില്ലെന്നുമുള്ള സൂചന കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലുണ്ടായിരുന്നു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനുശേഷവും മാണിയോട് സി.പി.എം നേതാക്കള്‍ പുലര്‍ത്തുന്ന മൃദുസമീപനം ചൂണ്ടിക്കാട്ടിയ കുഞ്ഞാലിക്കുട്ടി, ഇടതുമുന്നണിയിലേക്കുള്ള വാതില്‍ ഇപ്പോഴും മാണിയുടെ മുന്നില്‍ തുറന്നുകിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു. ഇടതുമുന്നണിയിലേക്കുള്ള വാതില്‍ മാണിക്ക് മുന്നില്‍ സ്ഥിരമായി അടയ്ക്കാന്‍ രാജ്യസഭാസീറ്റ് നല്‍കുന്നതുവഴി കഴിയുമെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു. രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥിയെ നിറുത്തി ഒരു കൈവിട്ട കളിക്ക് മാണി തയ്യാറാവുകയാണെങ്കില്‍ രാഷ്ട്രീയ ബലാബലത്തില്‍ അത് വലിയ മാറ്റം സൃഷ്ടിക്കുമെന്ന വാദം യുക്തിയുക്തമായി അവതരിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു.

മുസ്‌ലിം ലീഗ് ഒപ്പമുള്ളതുകൊണ്ട്  മലബാറിൽ, പ്രത്യേകിച്ച് തെക്കേ മലബാറിൽ പിടിച്ചുനിൽക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്. ചെങ്ങന്നൂരിലുണ്ടായ വൻതോൽവി, കോൺഗ്രസിനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എൻ.എസ്.എസ് ഇടതുമുന്നണിക്ക് ശക്തമായ പിൻതുണ നൽകുന്ന സാഹചര്യത്തിൽ തിരുവിതാംകൂറിലും മധ്യകേരളത്തിലും പുതിയ അടവുകളും തന്ത്രങ്ങളും പ്രയോഗിക്കാതെ രക്ഷയില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിനറിയാം. തങ്ങളുടെ ഉരുക്കുകോട്ടയായി കരുതിയിരുന്ന മധ്യതിരുവിതാംകൂർ കൈവിട്ടുപോയാൽ, അധികാരത്തിലേക്കുള്ള വഴി എന്നെന്നേയ്ക്കുമായി അടയുകയാണെന്ന് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും അറിയാം. മാണിയില്ലാതെ മധ്യതിരുവിതാംകൂർ തിരിച്ചുപിടിക്കാനാവില്ല എന്ന ഉറച്ച ബോധ്യം ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമുണ്ട്. രണ്ടുപേരുടെയും തട്ടകം മധ്യതിരുവിതാംകൂറായതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യം കുഞ്ഞാലിക്കുട്ടിക്കുണ്ടായില്ല. മാണിയെ തിരിച്ചുകൊണ്ടുവരാൻ ഇപ്പോൾ രാജ്യസഭാ സീറ്റ് നൽകുകയല്ലാതെ വേറേ മാർഗ്ഗമില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദത്തിന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും വഴങ്ങിയത് ഈ സാഹചര്യത്തിലാണ്.