ലോക്സഭയിൽ ലീഗിന് കൂടുതൽ സീറ്റ് നൽകില്ലെന്ന് ഹസ്സൻ

#

തിരുവനന്തപുരം (09.06.2018) : 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സീറ്റ് വിഭജനം ഇപ്പോഴേ പ്രഖ്യാപിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സൻ. 16 സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കുമന്ന് പറഞ്ഞ ഹസ്സൻ, രണ്ട് സീറ്റിൽ മുസ്‌ലിം ലീഗും ഓരോ സീറ്റ് വീതം കേരള കോണ്‍ഗ്രസ് എമ്മും ആർഎസ്പിയും മത്സരിക്കുമെന്ന് അറിയിച്ചു. വയനാട് സീറ്റ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടു എന്ന വാർത്ത തെറ്റാണെന്ന് ഹസ്സൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. യുഡിഎഫ് കണ്‍വീനർ സ്ഥാനത്തിന് മുസ്‌ലീം ലീഗ് അവകാശവാദം ഉന്നയിച്ചു എന്ന വാർത്തയും അടിസ്ഥാനരഹിതമാണെന്ന് ഹസ്സൻ പറഞ്ഞു.

വി.എം.സുധീരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ കൊല്ലം ലോക്സഭാ സീറ്റ് ആർ.എസ്.പിയ്ക്ക് നല്കിയപ്പോഴും വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്കിയപ്പോഴും പാർട്ടിയിൽ ചർച്ച ചെയ്തിരുന്നില്ലെന്ന് ഹസ്സൻ ഓർമ്മിപ്പിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ എല്ലാ കോണ്‍ഗ്രസ് എംഎൽഎമാരും യുഡിഎഫ് സ്ഥാനാർഥിക്ക് തന്നെ വോട്ടു ചെയ്യുമെന്നും ആരും വിപ്പ് ലംഘിക്കില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച ഹസ്സൻ രാജ്യസഭാ സീറ്റ് വിഷയത്തിൽ കോൺഗ്രസിലെ യുവനേതാക്കൾ ഫേസ്ബുക്കിൽ നടത്തുന്ന വിമർശനങ്ങൾ തന്റെ ശ്രദ്ധയിൽപെട്ടില്ല എന്നു പറഞ്ഞു. രാജ്യസഭാ സീറ്റ് വിട്ടു നൽകിയതിനെതിരേ കോണ്‍ഗ്രസ് പ്രവർത്തകരുടെ വികാരപ്രകടനത്തെ മാനിക്കുന്നു. മുന്നണിയുടെ നിലനിൽപ്പിനു വേണ്ടി കോണ്‍ഗ്രസ് തല്കാലത്തേക്ക് ചെയ്ത വിട്ടുവീഴ്ച മാത്രമാണിത്.