ജോസ്.കെ.മാണിയെ സ്ഥാനാര്‍ത്ഥിയാക്കരുത് : സുധീരന്‍

#

തിരുവനന്തപുരം (09-06-18) : രാജ്യസഭയിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ലോക്‌സഭയിലെ യു.പി.എയുടെ ഒരു സീറ്റ് നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും നിര്‍ണ്ണായകമായ ഈ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ അതൊഴിവാക്കണമെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള  അവകാശത്തെ മാനിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെയും യു.പി.എയുടെയും ജനാധിപത്യ വിശ്വാസികളുടെയും താല്പര്യം മുന്‍നിര്‍ത്തി ഈ അഭ്യര്‍ത്ഥന താന്‍ മുന്നോട്ടു വയ്ക്കുകയാണെന്ന് സുധീരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സീറ്റ് മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിക്ക് നല്‍കുന്ന തീരുമാനം കോണ്‍ഗ്രസിനെ ദുര്‍ബ്ബലമാക്കുന്നതാണെന്ന് സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് വികാരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളത്. കോണ്‍ഗ്രസിന്റെ ഒരു നേതാവിന് സീറ്റ് കിട്ടാതിരിക്കാന്‍ ഗൂഢാലോചന നടന്നതായി പ്രവര്‍ത്തകര്‍ സംശയിക്കുന്നു. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോള്‍ കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് നല്‍കിയതും എം.പി.വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നൽകിയതും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഹസ്സന്‍ പറഞ്ഞത് തെറ്റാണെന്ന് സുധീരന്‍ അറിയിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്താണ് ആർ.എസ്.പിക്ക് കൊല്ലം സീറ്റ് നൽകാൻ തീരുമാനിച്ചത്. വീരേന്ദ്രകുമാറിന് രാജ്യസഭാസീറ്റ് നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി യു.ഡി.എഫിലെ ഘടകകക്ഷിയായിരുന്നു. ആര്‍.എസ്.പിക്ക് കൊല്ലത്ത് സീറ്റ് നല്‍കിയപ്പോഴും വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയപ്പോഴും ഒരു തരത്തിലുള്ള എതിര്‍പ്പും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടായില്ല. ആ സ്ഥിതിയല്ല ഇന്നുള്ളത്.

കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാസീറ്റ് മറ്റൊരു പാർട്ടിക്ക് നൽകാൻ തീരുമാനമെടുത്ത നേതാക്കള്‍ കോണ്‍ഗ്രസിന്റെ അഭിമാനം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സുധീരന്‍ പറഞ്ഞു. എല്ലാവരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞത് ശരിയല്ല. അങ്ങനെ ചർച്ച നടന്നെങ്കിൽ ആ കാര്യം അറിയേണ്ട ഒരാളായിരുന്നു താനെന്ന് സുധീരൻ പറഞ്ഞു. രാഷ്ട്രീയകാര്യസമിതി നിലവിലുണ്ട്. സമിതിയിൽ ചർച്ച ചെയ്തില്ല. 1994 ല്‍ അന്നത്തെ മുഖ്യമന്ത്രിക്കെതിരേ കൊട്ടാരവിപ്ലവം നടത്തിയവര്‍ പഴയ കാര്യങ്ങള്‍ മറക്കരുതെന്ന് സുധീരന്‍ ഓര്‍മ്മിപ്പിച്ചു. പ്രവര്‍ത്തകരെ ആശ്വസിപ്പിക്കേണ്ട സന്ദര്‍ഭത്തില്‍ അവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്താനും കൂടുതല്‍ മുറിപ്പെടുത്താനുമുള്ള നീക്കങ്ങളില്‍ നിന്ന് നേതാക്കള്‍ പിന്തിരിയണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് അഭ്യർത്ഥിച്ചു.