രാജ്യസഭാസീറ്റ് ; ഉമ്മൻചാണ്ടി കാട്ടിയത് രാഷ്ട്രീയവിവേകം

#

(09-06-18) : കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നൽകി ഇടഞ്ഞുനിന്നിരുന്ന ആ പാർട്ടിയെ യു.ഡി.എഫിൽ ഉൾപ്പെടുത്തുക വഴി ദുർബ്ബലമായിരുന്ന യു.ഡി.എഫ് അടിത്തറ ശക്തമാകുകയാണ് സംഭവിച്ചിട്ടുള്ളതെന്ന് പ്രാഥമീക രാഷ്ട്രീയ വിശകലനത്തിൽ ആർക്കും ബോദ്ധ്യപ്പെടും. രാജ്യസഭാ സീറ്റിനെച്ചൊല്ലി വി.എം. സുധീരനും യുവ കോൺഗ്രസ് എം.എൽ.എ മാരും ഉണ്ടാക്കുന്ന കോലാഹലങ്ങൾ കേവല വികാരപ്രകടനങ്ങളായി അവസാനിക്കുകയേയുള്ളൂ.

യു.ഡി.എഫിന് വന്നുപെട്ട ശക്തിക്ഷയം ലീഗിനും കോൺഗ്രസ് നേതൃത്വത്തിനും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുൻപു തന്നെ ബോദ്ധ്യമായതാണ്. ഉപതിരഞ്ഞെടുപ്പ് ഫലം അത് അടിവരയിട്ടു എന്നു മാത്രം. യു.ഡി. എഫിനുണ്ടാകുന്ന ബലക്ഷയം ഏറ്റവും അധികം സഹായകരമാകുന്നത് ബി.ജെ.പിയ്ക്കാണ് എന്നുള്ളത് അവിതർക്കിതമാണ്. ലീഗും കോൺഗ്രസും മാത്രം മുൻനിരയിലുള്ള യു. ഡി. എഫ് ശിഥിലമാകാൻ അധികകാലം വേണ്ട എന്ന തിരിച്ചറിവാണ് ഇരു പാർട്ടികളുടേയും നേതൃത്വങ്ങളെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തേക്കൂടി യു.ഡി.എഫിൽ ഉൾപ്പെടുത്താൻ നിർബ്ബന്ധിതമാക്കിയത്.

കേരളാ കോൺഗ്രസ് ഇല്ലാതെ മദ്ധ്യതിരുവിതാംകൂറിൽ യു. ഡി. എഫിന് പിടിച്ചു നിൽക്കാനാവില്ല എന്ന് നന്നായി അറിയാവുന്നവരാണ് ഈ പ്രദേശത്തു നിന്നുള്ള കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. യു.ഡി.എഫിന്റെ സ്വാധീനമേഖലയായ മദ്ധ്യതിരുവിതാംകൂറിൽ ദുർബ്ബലമായാൽ ഇനി ഒരിക്കലും ഭരണത്തിലെത്താൻ കഴിയില്ല എന്ന തിരിച്ചറിവാണ് രാജ്യസഭാ സീറ്റു നൽകി കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ യു.ഡി.എഫിൽ എത്തിയ്ക്കാൻ ഈ നേതാക്കളെ നിർബ്ബന്ധിതരാക്കിയത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചനയും ഇതു തന്നെയായിരുന്നു.

യു.ഡി.എഫ് ശക്തിപ്പെടുകയും കേരളത്തിലെ രാഷ്ടീയ മത്സരം സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫും കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫും തമ്മിലാകുകയും ചെയ്യുന്നതോടെ ബി.ജെ.പി മുന്നണിയുടെ സാദ്ധ്യതകൾ മങ്ങും. മറിച്ച് യു.ഡി.എഫ് ശിഥിലമാകുകയാണെങ്കിൽ ബി.ജെ.പി.മുന്നണി ശക്തിപ്പെടുകയാകും സംഭവിക്കുക.

കേരളാ കോൺഗ്രസ് ഒരു വസ്തുനിഷ്ഠ രാഷ്ട്രീയ യാഥാർത്ഥ്യമാണ്. ആ പാർട്ടിയുടെ നിലപാടുകളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, അവഗണിക്കാനാവില്ല. കേരളാ കോൺഗ്രസിന്റെ വോട്ടുബാങ്ക് കെ.എം.മാണിയുടെ വിഭാഗത്തോടൊപ്പമാണ്. ഈ വോട്ടുബാങ്ക് ചിതറിപ്പോകുന്നത് കേരളത്തിലെ ജനാധിപത്യ രാഷ്ടീയത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമല്ല എന്ന് തിരിച്ചറിയാനുള്ള രാഷ്ടീയ വിവേകമാണ് രാജ്യസഭാ സീറ്റു നൽകി തന്റെ  മുൻകയ്യിൽ കേരളാ കോൺഗ്രസിനെ യു.ഡി.എഫിൽ മടക്കിക്കൊണ്ടുവന്നത് വഴി ഉമ്മൻചാണ്ടി പ്രകടമാക്കിയിരിക്കുന്നത്.