രാഷ്ട്രീയകാര്യസമിതി ഇന്ന് : തലയൂരാന്‍ തന്ത്രപൂര്‍വ്വം ചെന്നിത്തല

#

തിരുവനന്തപുരം (11-06-18) : ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമുയരും. വിമര്‍ശകര്‍ മുഖ്യമായും ഉന്നം വയ്ക്കുന്ന ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുക്കില്ല. ഹൈക്കമാന്‍ഡിന്റെ നിയോഗവുമായി ആന്ധ്രാപ്രദേശിലേക്ക് പോകുന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് ഉമ്മന്‍ചാണ്ടിയോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണമെങ്കിലും നാലു ഭാഗത്തുനിന്നുമുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ഉമ്മന്‍ചാണ്ടി ഇരുന്നു കൊടുക്കണ്ട എന്ന എ ഗ്രൂപ്പിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടി മാറി നില്‍ക്കുന്നത്.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, രാജ്യസഭാസീറ്റ് നിഷേധിക്കപ്പെട്ട പി.ജെ.കുര്യന്‍, സീറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് നിരാശരായ പി.സി.ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിക്കെതിരേ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിടുമെന്ന് ഉറപ്പ്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് കണ്ണുംനട്ടിരിക്കുന്ന കെ.മുരളീധരന്‍ രൂക്ഷമായ വിമര്‍ശനത്തിന് മുതിരില്ലെന്നാണ് സൂചന. എ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിന്റെയും മുഖ്യനേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എടുക്കുന്ന തീരുമാനത്തിന് ഒപ്പം നില്‍ക്കാനല്ലാതെ മറ്റൊന്നിനും ശേഷിയില്ലാത്ത താത്കാലിക കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സനെതിരേ പ്രത്യേകമായ വിമര്‍ശനമുണ്ടാകില്ല.

പാര്‍ട്ടിയില്‍ ഭരണഘടനാപരമായ സാധുതയുള്ള വേദിയല്ല രാഷ്ട്രീയകാര്യസമിതിയെന്നും യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താന്‍ വേണ്ടി രൂപം നല്‍കിയ രാഷ്ട്രീയകാര്യസമിതിക്ക് ഇന്ന് പ്രസക്തിയില്ലെന്നുമുള്ള വാദം ശക്തമാണ്. രാഷ്ട്രീയകാര്യസമിതിയില്‍ അംഗങ്ങളല്ലാത്ത നേതാക്കളാണ് ഈ വാദം പ്രധാനമായും ഉന്നയിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയകാര്യസമിതി യോഗത്തിന് പ്രാധാന്യമില്ലെന്ന് ഇന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച ജോസഫ് വാഴക്കന്‍ രാഷ്ട്രീയകാര്യസമിതി യോഗത്തെ പരിഹസിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്.

രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിയുടെ തലയിലിട്ട് തന്ത്രപൂര്‍വ്വം രക്ഷപ്പെടാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പി.ജെ.കുര്യനെ വീട്ടില്‍പോയി കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചതുവഴി ചെന്നിത്തല, തനിക്കെതിരായ വിമര്‍ശനത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പി.ജെ.കുര്യന്‍, പി.സി.ചാക്കോ തുടങ്ങി ഹൈക്കമാന്‍ഡുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാക്കളെ പരമാവധി അനുനയിപ്പിക്കാനാണ് ചെന്നിത്തലയുടെ ശ്രമം. എങ്ങനെയും തന്റെ പ്രതിപക്ഷനേതാവ് സ്ഥാനം സംരക്ഷിക്കുന്നതിനാണ് ചെന്നിത്തല പ്രഥമ പരിഗണന നല്‍കുന്നത്. യു.ഡി.എഫിലേക്ക് വരുന്നതിന് രാജ്യസഭാസീറ്റ് ഉപാധിയായി മാണി മുന്നോട്ടുവയ്ക്കുകയും കുഞ്ഞാലിക്കുട്ടി ശക്തമായി പിന്താങ്ങുകയും ചെയ്ത സാഹചര്യത്തില്‍ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു എന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വ്വമല്ല എന്ന ക്ഷമാപണസ്വരത്തിലായിരിക്കും ചെന്നിത്തല വിശദീകരണം നല്‍കുക.

രാജ്യസഭാ സീറ്റില്ലാതെ മുന്നണിയിലേക്കില്ല എന്ന മാണിയുടെ വാദത്തിനു വഴങ്ങിയതിനെ സുധീരനും കുര്യനും ചാക്കോയും ശക്തമായി എതിര്‍ക്കുന്നു. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്നുണ്ടെങ്കില്‍ തന്നെ അതിന് ആദ്യം മുന്നണിയില്‍ ചേരുക എന്ന ഉപാധി മുന്നോട്ടുവയ്ക്കാനും അതു സമ്മതിപ്പിച്ചെടുക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതിരുന്നത്  ഗുരുതരമായ വീഴ്ചയായിത്തന്നെ കാണുന്ന ഈ നേതാക്കള്‍ വിമർശനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ആദ്യം മുന്നണിയില്‍ തിരിച്ചുവരട്ടെ, പിന്നീട് സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ചര്‍ച്ച എന്ന ഉപാധി മുന്നോട്ടു വച്ചിരുന്നെങ്കില്‍ കുഞ്ഞാലിക്കുട്ടി എതിര്‍ക്കുമായിരുന്നില്ല എന്നാണ് അവര്‍ വാദിക്കുന്നത്. അത്തരം ഒരു ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ നടക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി ബോധപൂര്‍വ്വം ശ്രമിച്ചു എന്ന വിമര്‍ശനത്തിന് പ്രാധാന്യം കിട്ടുന്നതോടെ പ്രശ്‌നത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം തലയൂരാമെന്നാണ് ചെന്നിത്തലയുടെ കണക്കുകൂട്ടൽ.