ഡോ.കഫീല്‍ഖാന്റെ സഹോദരന് വെടിയേറ്റു ; നില ഗുരുതരം

#

ലക്‌നൗ (11-06-18) : ഇന്നലെ രാത്രി ഗോരഖ്പൂരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു സമീപം വച്ച് അക്രമികളുടെ വെടിയേറ്റ കാഷിഫ് ജമീലിന്റെ നില ഗുരുതരമായി തുടരുന്നു. ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍, കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുകയും യോഗി ആദിത്യനാഥിന്റെയുംബി.ജെ.പി സര്‍ക്കാരിന്റെയും ശത്രുത സമ്പാദിക്കുകയും ചെയ്ത ഡോ.കഫീല്‍ഖാന്റെ സഹോദരനാണ് കാഷിഫ് ജമീല്‍.

ഇന്നലെ രാത്രി 11 മണിയോടെയാണ് കാഷിഫ് ജമീലിനുനേരേ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ നിറയൊഴിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് അര കിലോമീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം. കാഷിഫ് ജമീലിനെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലേക്കും കൊണ്ടുപോയതിനുശേഷം വീണ്ടും ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് 2 മണിയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രികളില്‍ നിന്ന് മാറി മാറി കൊണ്ടുപോയതുവഴി നിര്‍ണ്ണായകമായ സമയം നഷ്ടമായെന്ന് ഡോ.കഫീല്‍ ഖാന്‍ പറഞ്ഞു. അക്രമികളെ ആരെയും ഇതുവരെ പിടി കൂടിയിട്ടില്ല. സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത്.