ബിഎസ്പിയുമായി സഖ്യം തുടരും ; സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാര്‍ : അഖിലേഷ്

#

ലക്‌നൗ (11-06-18) : ബി.എസ്.പിയും എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്നും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സഖ്യം നിലനിര്‍ത്തുന്നതിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. തങ്ങളുടെ കുറച്ചു സീറ്റുകള്‍ ബി.എസ്.പിക്ക് വിട്ടു നല്‍കുന്നതൊന്നും ഒരു പ്രശ്‌നമല്ല. ബി.ജെ.പിയുടെ തോല്‍വി ഉറപ്പ് വരുത്തുകയാണ് പ്രധാനമെന്ന് എസ്.പി.നേതാവ് വ്യക്തമാക്കി. മൈന്‍പുരിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ബി.എസ്.പി, എസ്.പിക്ക് പിന്തുണ നല്‍കിയിരുന്നു. അതിനുശേഷം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് പകരമായി സ്വന്തം സ്ഥാനാര്‍ത്ഥിക്കു പകരം ബി.എസ്.പിയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ എസ്.പി ശ്രമിക്കേണ്ടതായിരുന്നു എന്ന് മായാവതി പറയുകയുണ്ടായി. കഴിഞ്ഞ മാസമവസാനം പടിഞ്ഞാറന്‍ യു.പിയില്‍ ബി.ജെ.പിക്ക് എതിരേ എസ്.പിയും ബി.എസ്.പിയും ഒന്നിച്ച് ആര്‍.എല്‍.ഡിക്ക് പിന്തുണ നല്‍കിയിരുന്നു. തങ്ങള്‍ക്ക് മാന്യമായ സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മായാവതി നടത്തിയ പ്രസ്താവനയോടുള്ള പ്രതികരണമാണ് ഇപ്പോള്‍ അഖിലേഷില്‍ നിന്നുണ്ടായത്.