ഉമ്മന്‍ചാണ്ടിയുടെ കാലം കഴിയുകയാണോ?

#

തിരുവനന്തപുരം (12-06-18) : ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ വന്‍തോല്‍വിയെയും രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെയും തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ കലങ്ങി മറിയുകയാണ്. ഗ്രൂപ്പു വ്യത്യാസങ്ങളും ഗ്രൂപ്പു വൈരങ്ങളും ഒക്കെ അപ്രസക്തമാകുന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. കേരളത്തിലെ നേതാക്കളില്‍ ആരെയും വിശ്വാസത്തിലെടുത്തുകൊണ്ട് ഒരു തീരുമാനവുമെടുക്കാന്‍ കഴിയാത്ത സന്ദിഗ്ദ്ധാവസ്ഥയിലാണ് ഹൈക്കമാന്‍ഡ് എത്തിയിട്ടുള്ളത്. തങ്ങളുടെ വാക്കുകള്‍ക്ക് വിലയില്ലാതായിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമുള്‍പ്പെടെയുള്ളവര്‍ക്ക് ഇനി അംഗീകരിക്കാതിരിക്കാനാവില്ല.

കെ.പി.സി.സി പ്രസിഡന്റുള്‍പ്പെടെയുള്ള ഭാരവാഹികളെ തീരുമാനിക്കുമ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുമെല്ലാം ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് പുതിയ സംഭവവികാസങ്ങളുടെ പ്രത്യക്ഷഫലം. തന്നോട് ആലോചിക്കാതെയും തന്റെ താല്പര്യത്തിന് വിരുദ്ധമായും വി.എം.സുധീരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചപ്പോള്‍  അനിഷ്ടം പരസ്യമായി തന്നെ പ്രകടിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി മടി കാണിച്ചില്ല. എ.കെ.ആന്റണിയുടെ കൂടി നിര്‍ദ്ദേശമനുസരിച്ചാണ് സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കിയത്. സുധീരന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകള്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചപ്പോള്‍ രണ്ടുപേരുകളും തള്ളി ജി.കാര്‍ത്തികേയന്റെ പേരാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് നിര്‍ദ്ദേശിച്ചത്. അതു സ്വീകരിക്കാതെ ഹൈക്കമാന്‍ഡ്, സുധീരനെ നിയമിച്ചപ്പോള്‍, താന്‍ സഹകരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

കെ.പി.സി.സി  പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സുധീരനെ അനുവദിക്കരുതെന്ന് രണ്ടു ഗ്രൂപ്പുകളും തീരുമാനിക്കുകയും ആ തീരുമാനം കൃത്യമായി നടപ്പാക്കുകകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്ലെങ്കില്‍ ഹൈക്കമാന്‍ഡിനെ ധിക്കരിക്കാനുള്ള ധൈര്യം ഒരിക്കലും രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടാകുമായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയഘട്ടത്തില്‍ സുധീരന്‍ നിര്‍ദ്ദേശിച്ച 5 പേരുകളില്‍ ഒന്നുപോലും അംഗീകരിക്കില്ല എന്ന് ഉമ്മന്‍ചാണ്ടി കടുംപിടുത്തം നടത്തിയത് കേരളത്തിലെ പാര്‍ട്ടിയില്‍ തനിക്കുള്ള അപ്രമാദിത്വം ബോധ്യപ്പെടുത്താനായിരുന്നു. ഒരു ഹൈക്കമാന്‍ഡിനും തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്. ആ സന്ദേശം പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കാന്‍ എപ്പോഴും അദ്ദേഹം ശ്രമിക്കുകയും ചെയ്തു. തികഞ്ഞ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നു പുറമേ ഭാവിക്കുകയും പാര്‍ട്ടിയുടെ സര്‍വ്വാധികാര്യക്കാരനാണ് താനെന്ന് പ്രവൃത്തികളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നതില്‍ അസാധാരണമായ പ്രാഗത്ഭ്യം എപ്പോഴും ഉമ്മന്‍ചാണ്ടി കാട്ടിയിട്ടുണ്ട്.

നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാനഘട്ടം ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലായി മാറി. സുധീരന്‍ മാറ്റണമെന്ന് പറഞ്ഞ 5 പേരില്‍ ഒരാളെയും മാറ്റാന്‍ കഴിയില്ലെന്നും മാറ്റുകയാണെങ്കില്‍ തന്നെ മാറ്റിക്കോളൂ എന്നും പറയുക വഴി ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകളെ തീര്‍ത്തും അവഗണിക്കാന്‍ ഹൈക്കമാന്‍ഡിന് കഴിയുമായിരുന്നില്ല. 5 പേരില്‍ ഒരാളെയെങ്കിലും മാറ്റിയേ തീരൂ എന്ന സ്ഥിതിയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ വലംകയ്യും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ ബന്നി ബഹനാനാണ് ഒടുവില്‍ വെട്ടേല്‌ക്കേണ്ടി വന്നത്. അത് ഉമ്മന്‍ചാണ്ടിക്ക് സഹിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. പക്ഷേ, ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ആര്‍ക്കും എതിരു പറയാനാവാത്ത പി.ടി.തോമസിനെ ഉപയോഗിച്ചായിരുന്നു ബന്നിബഹനാനെ വെട്ടിയത്. ഉമ്മന്‍ചാണ്ടിക്ക് ആ വെട്ട് തടുക്കാന്‍ കഴിയില്ലെന്ന് സുധീരന് നല്ല ഉറപ്പുണ്ടായിരുന്നു. ബാര്‍ നിറുത്തലാക്കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷമാവുകയും നിയമസഭാ തെരഞ്ഞെടുപ്പോടെ മൂര്‍ച്ഛിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടി, സുധീരന്‍ സംഘര്‍ഷം പിന്നെ ശമിച്ചതേയില്ല. പിന്നീട് ഉമ്മന്‍ചാണ്ടിയെ അടിക്കാന്‍ കിട്ടിയ ആദ്യത്തെ അവസരത്തില്‍ സുധീരന്‍ മുന്നില്‍നിന്ന് നടത്തുന്ന ഇപ്പോഴത്തെ ആക്രമണത്തെ അതിജീവിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ എന്നത് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ചോദ്യമാണ്.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഏറ്റവും വിശ്വാസ്യതയും ജനസമ്മതിയുമുള്ള നേതാവ് വി.എം.സുധീരനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാര്‍ട്ടിക്കുള്ളില്‍ ആ അംഗീകാരം എ.കെ.ആന്റണിക്കാണെങ്കിലും പൊതുസമൂഹത്തില്‍ സുധീരനുള്ള അംഗീകാരം കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ നേതാവിനുമില്ല. അതു നന്നായി അറിയാവുന്നതുകൊണ്ട് പാര്‍ട്ടി സംഘടനയുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ സുധീരനെ തടഞ്ഞുനിറുത്താനാവില്ല എന്ന ഭയം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമുള്‍പ്പെടെയുള്ളവര്‍ക്കുണ്ട്. സാമുദായിക സംഘടനകളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം താറുമാറാക്കുന്നു, പാര്‍ട്ടി മുന്നോട്ടുകൊണ്ടുപോകാനും തെരഞ്ഞെടുപ്പിനെ നേരിടാനും അത്യാവശ്യമുള്ള പണമുണ്ടാക്കാൻ സുധീരന്റെ നയങ്ങള്‍ തടസ്സമാകുന്നു തുടങ്ങിയ വാദങ്ങള്‍ നിരത്തി മറ്റു നേതാക്കളുടെ പിന്തുണനേടാനും സുധീരനെ അരികിലേക്ക് മാറ്റി നിറുത്താനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരുന്നു. ആത്യന്തികമായി എ.കെ.ആന്റണിയുടെ പിന്തുണ തനിക്കാണെന്ന ധാരണ പരത്താനും ഉമ്മന്‍ചാണ്ടി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. സുധീരനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ തന്നെ അനുകൂലിച്ചിരുന്ന നേതാക്കളെയെല്ലാം ഒറ്റയടിക്ക് എതിരാക്കി എന്നതാണ് രാജ്യസഭാസീറ്റ് ലീഗിന് നല്‍കുന്നതുവഴി ഉമ്മന്‍ചാണ്ടിക്ക് പറ്റിയ വലിയ അബദ്ധം. ഉമ്മന്‍ചാണ്ടിയുടെ ഉറപ്പില്ലാതെ ഇങ്ങനെ ഒരു തീരുമാനമെടുക്കാനുള്ള ആത്മവിശ്വാസം ചെന്നിത്തലയ്ക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഉമ്മന്‍ചാണ്ടിയുടെ പ്രോക്‌സി എന്നതില്‍ കവിഞ്ഞ് ഹസ്സനെ ആരും കാര്യമായി കണക്കാക്കിയിട്ടുമില്ല.

പി.സി.ചാക്കോയെപ്പോലെയുള്ള പഴയ പടക്കുതിരകള്‍, മന്ത്രിസ്ഥാനം നിഷേധിച്ചതുള്‍പ്പെടെയുള്ള പഴയ കണക്കുകള്‍ തീര്‍ക്കാനുള്ള വി.ഡി.സതീശനെപ്പോലെയുള്ളവര്‍, രാജ്യസഭാ സീറ്റ് പ്രശ്നത്തോടെ ഉമ്മന്‍ചാണ്ടിയെ തകര്‍ക്കുക തന്റെ ജീവിതലക്ഷ്യമായി മാറ്റിയ പി.ജെ.കുര്യന്‍ തുടങ്ങിയവരൊക്കെ ഉമ്മന്‍ചാണ്ടിക്കെതിരായ പടനീക്കത്തിന് ശക്തി പകരും. പുതിയ ഇളക്കിപ്രതിഷ്ഠയില്‍ സ്ഥാനമൊന്നും ലഭിച്ചില്ലെങ്കില്‍ കെ.സുധാകരനും ഉമ്മന്‍ചാണ്ടിക്ക് എതിരാകും. എന്തു സംഭവിച്ചാലും ഉമ്മന്‍ചാണ്ടിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുന്ന കെ.സി.ജോസഫിനെയും ബന്നി ബഹനാനെയും ആന്റോ ആന്റണിയെയും വിഷ്ണുനാഥിനെയും പോലെയുള്ളവരും ഉമ്മന്‍ചാണ്ടിയോട് എപ്പോഴും മൃദുസമീപനം പുലര്‍ത്തിയിട്ടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എല്ലാം പിന്നില്‍ അണി നിരന്നാലും ഈ പോരില്‍ ജയിച്ചു കയറുക ഉമ്മന്‍ചാണ്ടിക്ക് പ്രയാസമാണ്. ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് പേര് ചീത്തയാക്കാന്‍ എ.കെ.ആന്റണി എന്തായാലും തയ്യാറാകില്ല. മലബാറിലെ ചില പോക്കറ്റുകളിലല്ലാതെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയാത്ത മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത്  അവരോധിച്ച് വീണ്ടും പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. വര്‍ക്കിംഗ് പ്രസിഡന്റായോ യു.ഡി.എഫ് കണ്‍വീനറായോ ബന്നി ബഹനാനെ കൊണ്ടുവരാനും ഉമ്മന്‍ചാണ്ടി ശ്രമിക്കും. പക്ഷേ, ഇത്തവണ തനിക്ക് എതിരേ അണിചേരുന്ന ശത്രുക്കളുടെ വിപുലമായ സൈന്യത്തെ അതിജീവിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.