ആർഎസ്എസിന്റെ കേസ് ; രാഹുൽ വിചാരണ നേരിടും

#

മുംബൈ (12-06-18) : മഹാത്മ ഗാന്ധിയെ  വധിച്ചത് ആർ.എസ്.എ സ്സാണെന്ന പരാമർശം നടത്തിയതിനെതിരെ   ഒരു ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിൽ രാഹുൽ ഗാന്ധി വിചാരണ നേരിടും. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന ഒരു റാലിയിൽ ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കുണ്ടെന്ന് രാഹുൽ പ്രസംഗിച്ചിരുന്നു. കേസിൽ മുംബൈയിലെ ഭിവണ്ടി കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം രാഹുലിനെതിരെ കുറ്റം ചുമത്തി.

താൻ കുറ്റം ചെയ്തിട്ടില്ലെന്നും ചരിത്രവസ്തുത പറയുക മാത്രമാണ് ചെയ്തതെന്നും കോടതിയിൽ ഹാജരായ രാഹുൽ പറഞ്ഞു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും രാഹുൽ തന്നെ ആ ഹർജി പിൻവലിക്കുകയായിരുന്നു. ഈ വിഷയത്തിൽ, പറഞ്ഞ ഓരോ വാക്കിലും താൻ ഉറച്ചുനിൽക്കുന്നുവെന്നും വിചാരണ നേരിടാൻ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. ഒരു സംഘടന എന്ന നിലയിൽ ആർ.എസ്.എസിന് ഗാന്ധിവധത്തിൽ ഉത്തരവാദിത്വമില്ലെന്ന് പ്രസ്താവന ഇറക്കാൻ തയ്യാറായാൽ കേസ് പിൻവലിക്കാമെന്ന ആർ.എസ്.എസ്സിന്റെ ഉപാധിയും രാഹുൽ തള്ളുകയുണ്ടായി. "ഇത് ആശയങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്.നമ്മൾ വിജയിക്കും" ,ഇന്ന് കോടതിയിൽ ഹാജരായതിനുശേഷം ഉത്സാഹവാനായി പുറത്തുവന്ന രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.