താജ്മഹലിനു നേരേ അക്രമം : നടപടി ഇഴയുന്നു

#

ആഗ്ര (13-06-18) : രാജ്യത്തെ മതസൗഹാര്‍ദ്ദവും ക്രമസമാധാനവും തകര്‍ക്കാന്‍ വേണ്ടിയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമെന്ന് സംശയിക്കാവുന്ന തരത്തില്‍ താജ്മഹലിനു നേരേ സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ആക്രമണത്തിൽ പോലീസ് നടപടി ഇഴയുന്നു. താജ്മഹലിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കവാടം തകര്‍ക്കാന്‍ ഒരു കൂട്ടം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിര്‍മ്മിച്ച കവാടം, സമീപത്തുള്ള ഒരു ശിവക്ഷേത്രത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു അക്രമം. വി.എച്ച്.പി പ്രവര്‍ത്തകര്‍ ചുറ്റികകളും ഇരുമ്പുകമ്പികളും ഉപയോഗിച്ച് കവാടം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യ നിര്‍മ്മിച്ച, ഒരാള്‍ക്ക് മാത്രം ഒരു സമയം കടക്കാന്‍ കഴിയുന്ന തരത്തിലുള്ള ഗേറ്റ് വി.എച്ച്.പി പ്രവര്‍ത്തകര്‍ തകര്‍ക്കുകയുണ്ടായി.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യ (എ.എസ്.ഐ) നല്‍കിയ പരാതിയില്‍ കേസ് എടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജൂണ്‍ 10-ാം തീയതിയായിരുന്നു സംഭവം. പ്രവേശനത്തിനുള്ള ടിക്കറ്റ് നല്‍കാന്‍ വേണ്ടി സ്ഥാപിച്ച, ഒരാള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഗേറ്റ് തകര്‍ത്ത് ദൂരെയെറിഞ്ഞതിനുശേഷം പടിഞ്ഞാറേ കവാടം തകര്‍ക്കാന്‍ ശ്രമിച്ച 20-25 വി.എച്ച്.പി പ്രവര്‍ത്തകരുമായി സന്ധി സംഭാഷണം നടത്തുകയാണ് പോലീസ് ചെയ്തത്. ഇരുമ്പുകമ്പികളും ചുറ്റികകളുമായി ആക്രമണം നടത്തിയവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനു പകരം സന്ധി സംഭാഷണത്തിനു തയ്യാറായ പോലീസിന്റെ സമീപനം ബി.ജെ.പി സര്‍ക്കാരിന്റെ പോലീസ് നയമാണ് വ്യക്തമാക്കുന്നത്.