ഇ.എം.എസ് : തർക്കങ്ങൾക്ക് ഇടവേള നല്കിയിട്ടില്ലാത്ത നേതാവ്

#

(13-06-18) : സംശയങ്ങളില്ലാത്ത നേതാവായിരുന്നു ഇ.എം.എസ്. ഒരു ചോദ്യത്തിനു മുമ്പിലും ഉത്തരത്തിനു വേണ്ടി ഇ.എം.എസ് പതറിയിട്ടില്ല. എപ്പോഴും കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ആ സംശയമില്ലായ്മയായിരുന്നു ഇ.എം.എസ്സിന്റെ ശക്തിയും ദൗര്‍ബ്ബല്യവും.

തെറ്റുപറ്റാത്ത ശാസ്ത്രമായിരുന്നു ഇ.എം.എസ്സിന് മാർക്സിസം (മാര്‍ക്‌സിസം-ലെനിനിസം എന്നേ ഇ.എം.എസ് പ്രയോഗിക്കാറുണ്ടായിരുന്നുള്ളൂ). ലളിതവും സുഗ്രാഹ്യവുമായ രീതിയില്‍ അദ്ദേഹം, താന്‍ മനസ്സിലാക്കിയ മാര്‍ക്‌സിസം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ആരുമായും തര്‍ക്കിച്ചു. ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കും, കുത്തക മുതലാളിത്തം സ്വന്തം ശവക്കുഴി തീര്‍ത്ത് സോഷ്യലിസത്തിലേക്കും സോഷ്യലിസം കമ്മ്യൂണിസത്തിലേക്കും പുരോഗമിക്കുന്ന നേര്‍രേഖയായാണ് ഇ.എം.എസ്, ചരിത്രത്തെ കണ്ടത്. സമൂഹം കമ്മ്യൂണിസത്തിലെത്തിച്ചേരുക എന്നത് ചരിത്രസത്യമാണെന്ന് വിശ്വസിച്ചതിനാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ക്കുമേറ്റ ഒരു തിരിച്ചടിയും അദ്ദേഹത്തെ പരിഭ്രമിപ്പിച്ചില്ല.

ചരിത്രത്തെ വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമായി കണ്ടതുകൊണ്ട്, വര്‍ഗ്ഗേതരമായ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം കരുതി. വര്‍ഗ്ഗരാഷ്ട്രീയത്തിന് പുറത്തു രൂപപ്പെട്ട പുതിയ ജനാധിപത്യ പ്രസ്ഥാനങ്ങളെ കാര്യമായി പരിഗണിക്കാതെ മുന്നോട്ടു പോയ ഇ.എം.എസ്സിന്റെ രാഷ്ട്രീയം താത്വികവും പ്രായോഗികവുമായി നാനാവശങ്ങളിൽനിന്നും എതിർപ്പുകൾ നേരിട്ടു. പക്ഷേ, തന്റെ രാഷ്ട്രീയത്തിനു നേരേയുണ്ടായ ആക്രമണങ്ങളില്‍ നിന്ന് ഒരിക്കലും ഒളിച്ചോടിയില്ല എന്നതാണ് ഇ.എം.എസ്സിന്റെ വ്യക്തിത്വത്തിന്റെ സവിശേഷത.

1964 വരെ സി.പി.ഐയുടെയും, ഭിന്നിപ്പിനു ശേഷം സി.പി.ഐ(എം)ന്റെയും സമുന്നതനായ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെ പ്രായോഗിക നിലപാടുകള്‍ക്ക് താത്വിക വ്യാഖ്യാനം നല്‍കുകയായിരുന്നു ഇ.എം.എസ്സിന്റെ മുഖ്യ ചുമതല. തത്വവും പ്രയോഗവും തമ്മില്‍ ഇടര്‍ച്ചയുണ്ടാവാന്‍ പാടില്ലാത്ത പ്രസ്ഥാനം എന്ന നിലയില്‍ സുപ്രധാനമായിരുന്നു ഈ ചുമതല. നിലപാടുകളില്‍ എങ്ങനെ മാറ്റം വരുത്തിയാലും അതിന് ഇ.എം.എസ് നല്‍കുന്ന താത്വിക സാധൂകരണം പാര്‍ട്ടി അണികളെ സംതൃപ്തരാക്കിയിരുന്നു.

ആശയപരവും പ്രായോഗികവുമായ പ്രശ്‌നങ്ങളില്‍ സര്‍വ്വസമ്മതനായ ഒരു നേതാവിന്റെ അഭാവമാണ് ഇ.എം.എസ്സിനുശേഷം സി.പി.എം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇ.എം.എസ്സിന്റെ കാലത്തും സി.പി.എമ്മില്‍ വിഭാഗീയത, സജീവമായിരുന്നെങ്കിലും വിഭാഗീയതയെ നേരിടാന്‍ ഇ.എം.എസ്സിന്റെ കയ്യില്‍ മറ്റാര്‍ക്കുമില്ലാത്ത തന്ത്രങ്ങളുണ്ടായിരുന്നു. 1964 ല്‍ സി.പി.എം ഉണ്ടായതിനുശേഷം പാര്‍ട്ടിക്കുള്ളില്‍ 1967 ല്‍ നക്‌സലൈറ്റുകളില്‍ നിന്നും 1986 ല്‍ എം.വി.രാഘവനില്‍ നിന്നും 1994 ല്‍ ഗൗരിയമ്മയില്‍ നിന്നുമുണ്ടായ വെല്ലുവിളികളെ നേരിടുന്നതില്‍ ഇ.എം.എസ് വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. പിന്നീട് പാര്‍ട്ടി അഭിമുഖീകരിച്ച ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളില്‍ അത്തരമൊരു ഇടപെടല്‍ നടത്താന്‍ ആരുമുണ്ടായിരുന്നില്ല.

ഇ.എം.എസ്സിന്റെ രാഷ്ട്രീയത്തോട് നിരുപാധികമായ കൂറുപുലര്‍ത്തുന്നവര്‍ക്കും അതേ തീവ്രതയോടെ വെറുക്കുന്നവര്‍ക്കും ശക്തമായ സ്വാധീനമുണ്ട് കേരളത്തില്‍. ഒരു കാര്യം തീര്‍ച്ചയാണ്. ഇ.എം.എസ്സിനെ നിങ്ങള്‍ക്ക് അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാം. അവഗണിക്കാനാവില്ല. സമൂഹത്തെ ബാധിക്കുന്ന എല്ലാ സജീവ പ്രശ്‌നങ്ങളിലും സ്വന്തം നിലപാട് വ്യക്തമാക്കുകയും സ്വന്തം രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോരാടുകയും ചെയ്ത ഇ.എം.എസ്, കഴിഞ്ഞ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെ നിര്‍ണ്ണയിച്ച ഏറ്റവും പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒന്നാണ്.

ചോദ്യം ചെയ്യലുകൾ പാടില്ലെന്നും വിയോജിപ്പുകൾക്ക് പ്രസക്തിയില്ലെന്നുമുള്ള ഫാഷിസത്തിന്റെ വിധിതീർപ്പുകൾ ഉയരാൻ തുടങ്ങുന്ന ഈ കാലത്ത്, ഇ.എം.എസ്സിന്റെ ജന്മവാര്‍ഷികദിനം ഒരു ഓർമ്മപ്പെടുത്തലാണ്. തര്‍ക്കങ്ങളും സംവാദങ്ങളുമാണ് ,ചോദ്യം ചെയ്യാതെ അംഗീകരിക്കലല്ല ആവശ്യം എന്ന ഓർമ്മപ്പെടുത്തൽ.