രാജ്യസഭാ സീറ്റ് : കോണ്‍ഗ്രസ് കാട്ടിയത് ഹിമാലയന്‍ മണ്ടത്തരം : സുധീരന്‍

#

തിരുവനന്തപുരം (13-06-18) : കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണെന്ന് വി.എം.സുധീരന്‍. യു.പി.എയുടെ ഒരു ലോക്‌സഭാസീറ്റ് നഷ്ടപ്പെടുക എന്നതാണ് ആ തീരുമാനത്തിന്റെ ഫലം. കോണ്‍ഗ്രസിനെയും യു.പി.എയെയും ശക്തിപ്പെടുത്താനുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ് ഈ തീരുമാനം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
>
പരസ്യപ്രസ്താവന പാടില്ല എന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ആവശ്യത്തെ സുധീരന്‍ പരിഹസിച്ചു തള്ളി. പരസ്യപ്രസ്താവന പാടില്ലെന്ന് പറയുന്ന നേതാക്കളുടെ പശ്ചാത്തലമെന്താണെന്ന് സുധീരന്‍ ചോദിച്ചു. താന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോള്‍ പരസ്യപ്രസ്താവന പാടില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍, കെ.പി.സി.സി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി തനിക്കെതിരേ പരസ്യപ്രസ്താവന നടത്തിയ ആളാണ് ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ എന്ന് സുധീരന്‍ ഓര്‍മ്മിപ്പിച്ചു. പരസ്യപ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി നേതൃയോഗത്തില്‍ ഹസ്സന്‍ പറഞ്ഞപ്പോള്‍, അതേ മൈക്ക് ഉപയോഗിച്ച്, അത് നടക്കുന്ന കാര്യമല്ലെന്ന് അപ്പോള്‍ തന്നെ താന്‍ മറുപടി നല്‍കിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
>
ആര്‍.എസ്.പിക്ക് ലോക്‌സഭാസീറ്റ് നല്‍കിയതിനെ കേരളകോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കുന്നതുമായി താരതമ്യപ്പെടുത്താന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് സുധീരന്‍ പറഞ്ഞു. യു.പി.എയെ പിന്തുണയ്ക്കണം, കേരളത്തിലെ യു.ഡി.എഫിന്റെ ഭാഗമാകണം തുടങ്ങിയ ഉപാധികളെല്ലാം സന്തോഷപൂര്‍വ്വം ആര്‍.എസ്.പി അംഗീകരിച്ചിരുന്നു. പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുന്ന, ചാഞ്ചാട്ടമില്ലാത്ത പാര്‍ട്ടിയാണ് ആര്‍.എസ്.പി. മാണി അതുപോലെയല്ല. ചാഞ്ചാട്ടക്കാരനാണ് മാണി. ആര്‍.എസ്.പിക്ക് സീറ്റു നല്‍കുന്ന കാര്യം പല തലങ്ങളില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ഒരു തലത്തിലും ഒരു തരത്തിലുമുള്ള പ്രതിഷേധവും ഉണ്ടായില്ല. മാണിഗ്രൂപ്പിന് രാജ്യസഭാസീറ്റ് നല്‍കുന്ന തീരുമാനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം പ്രതിഷേധിക്കുകയാണ്.
>
രാജ്യസഭയിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് ആരും വരരുതെന്ന ഒളി അജണ്ട നടപ്പാക്കുകയാണ് മാണിഗ്രൂപ്പിന് സീറ്റ് നല്‍കുന്നതുവഴി ചെയ്തത്. കേരളത്തിലെ കോണ്‍ഗ്രസ്, ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ തടവറയിലാണെന്ന് സുധീരന്‍ ഓര്‍മ്മിപ്പിച്ചു. വീഴ്ച പറ്റിയെന്ന് ആദ്യം പറഞ്ഞ നേതാക്കള്‍ ഇന്നലെയായപ്പോഴേക്ക് നിലപാടു മാറ്റി. തെറ്റുപറ്റിയാല്‍ തുറന്നു സമ്മതിക്കണം. തനിക്ക് വ്യക്തിപരമായ ഒരു താല്പര്യവുമില്ല. കോണ്‍ഗ്രസില്‍ മുകളിൽ നിന്ന് കെട്ടിയിറക്കിയ ആളല്ല ഞാന്‍. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, എം.പി, എം.എല്‍.എ, സ്പീക്കര്‍, മന്ത്രി തുടങ്ങി എല്ലാ ചുമതലകളും തന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ലഭിച്ചതാണെന്ന് സുധീരന്‍ അറിയിച്ചു. പാര്‍ലമെന്ററി രംഗത്തുനിന്ന് പിന്മാറിയ ആളാണ് താന്‍. ലോക്‌സഭയില്‍ മത്സരിക്കണമെന്നും എവിടെ നിന്നു വേണമെങ്കിലും മത്സരിക്കാമെന്നും സോണിയാഗാന്ധി തന്നോട് പറഞ്ഞു. 2011 ല്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്ന് എ.കെ.ആന്റണി പറഞ്ഞു. അതിനൊന്നും വഴങ്ങിയില്ല. പാര്‍ലമെന്ററി രംഗത്തു നിന്ന് പിന്മാറിയ തന്നെ കെ.പി.സി.സി പ്രസിഡന്റാക്കിയതും താന്‍ ആവശ്യപ്പെട്ടിട്ടല്ലെന്ന് സുധീരന്‍ വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് ഉമ്മന്‍ചാണ്ടിയെ വീട്ടില്‍ പോയി കണ്ടിരുന്നു. ഒരു ഘട്ടത്തിലും സഹകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. താന്‍ പ്രസിഡന്റായിരിക്കെ നടത്തിയ ജനപക്ഷയാത്രയും ജനരക്ഷായാത്രയും വലിയ വിജയമായിരുന്നു. രണ്ടു ഗ്രൂപ്പുകളും നിസ്സഹകരിച്ചിട്ടും അവ വിജയിപ്പിക്കാന്‍ കഴിഞ്ഞു. തന്റെ കാലത്ത് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച കാര്യം സുധീരന്‍ ഓര്‍മ്മിപ്പിച്ചു. വാർഡ് കമ്മിറ്റികൾക്ക്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള അധികാരം നൽകിയതിനെ അട്ടിമറിക്കുക വഴി കോൺഗ്രസ് സ്ഥാനാർത്ഥികളുടെ തോൽവിക്ക് വഴിവച്ചത് ഗ്രൂപ്പ് മാനേജർമാരാണ്.

മദ്യനയമാണ് തോൽവിക്ക് കാരണമെന്ന് എ ഗ്രൂപ്പിന്റെ യുവനേതാക്കൾ പറഞ്ഞു. ഇടതുമുന്നണി തെറ്റായി അംഗീകാരം കൊടുത്ത 418 ബാറുകൾ തുറക്കരുതെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും 730 ബാറുകൾ പൂട്ടാനുള്ള തീരുമാനം ഉമ്മൻചാണ്ടിയാണ് എടുത്തതെന്നും സുധീരൻ പറഞ്ഞു. 418 ബാറുകൾ പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ച മദ്യനയം ജനങ്ങൾ അംഗീകരിച്ചതുകൊണ്ടാണ് അരുവിക്കരയിൽ വിജയം നേടാൻ കഴിഞ്ഞത്. മദ്യനയത്തിന്റെ ക്രഡിറ്റ് സുധീരന് ലഭിക്കുന്നത്തിലെ അസൂയമൂലമാണ് ആ നയം അട്ടിമറിച്ചത്. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആരോപണം ഉയർന്നപ്പോൾ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉമ്മൻചാണ്ടിയും താനും ചർച്ച നടത്തി കൂടുതൽ വിശദമായ പഠനങ്ങൾക്ക് ശേഷം പദ്ധതിയുമായി മുന്നോട്ടുപോയാൽ മതിയെന്ന് തീരുമാനിച്ചതാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കരാർ ഒപ്പുവച്ചു. അരുവിക്കര തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസമായിരുന്നു അത്. കോൺഗ്രസ് പ്രസിഡന്റിന് വില കല്പിക്കാത്തവർ കെ.പി.സി.സി പ്രസിഡന്റിനെ എങ്ങനെ അംഗീകരിക്കുമെന്ന് സുധീരൻ ചോദിച്ചു.

അച്ചടക്കത്തിന്റെ വാളുയർത്തി എതിരഭിരായങ്ങളെ നിശ്ശബ്ദരാക്കാനുള്ള കെ.പി.സി.സി നേതൃത്വത്തിന്റെ നീക്കത്തിനെതിരായ പരസ്യമായ വെല്ലുവിളിയാണ് സുധീരന്റെ ഇന്നത്തെ വാർത്താസമ്മേളനം.