ഹിജാബ് നിര്‍ബ്ബന്ധം ; ചെസ് മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ താരം പിന്മാറി

#

ന്യൂഡല്‍ഹി (13-06-18) : ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ നേഷന്‍സ് ചെസ് കപ്പില്‍ നിന്ന് പ്രമുഖ ചെസ് താരം സൗമ്യ  സ്വാമിനാഥന്‍ പിന്മാറി. ശിരോവസ്ത്രം ധരിക്കണമെന്ന ഇറാനിയന്‍ നിയമം അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതെന്ന് സൗമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മുന്‍ ലോക ചാമ്പ്യനാണ് 29 കാരിയായ സൗമ്യ.

ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 4 വരെയാണ് ടൂര്‍ണമെന്റ്. ശിരോവസ്ത്രം ധരിക്കന്‍ കളിക്കാരെ നിര്‍ബ്ബന്ധിതരാക്കുന്ന ഇറാനിയന്‍ നിയമം തന്റെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് കരുതുന്നതിനാലാണ് പിന്മാറുന്നതെന്ന് സൗമ്യ പറഞ്ഞു. ഇത്ര പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് അറിയിച്ച സൗമ്യ, സ്‌പോര്‍ട്‌സിനു വേണ്ടി കളിക്കാര്‍ക്ക് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരുമെങ്കിലും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച സാധ്യമല്ലെന്ന് പറഞ്ഞു.