കോണ്‍ഗ്രസ്സില്‍ സുധീരന്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് എ ഗ്രൂപ്പ്

#

കോട്ടയം (13-06-18) : വി.എം.സുധീരന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും സുധീരനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിക്കുന്നു. കേരള കോണ്‍ഗ്രസിന് രാജ്യസഭാസീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിലനില്‍ക്കുന്ന അസംതൃപ്തി മുതലെടുക്കാനാണ് സുധീരന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ അച്ചടക്കം ശിഥിലമാകുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും.

കോണ്‍ഗ്രസ് ദുര്‍ബ്ബലമായ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത സൃഷ്ടിച്ച് കലാപക്കൊടി ഉയര്‍ത്താനാണ് സുധീരന്‍ ശ്രമിക്കുന്നതെന്ന് കെ.സി.ജോസഫ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാലിശമായ ആരോപണങ്ങളാണ് സുധീരന്‍ ഉന്നയിക്കുന്നത്. പരസ്യപ്രസ്താവന പാടില്ലെന്ന കെ.പി.സി.സി നിര്‍ദ്ദേശം അനുസരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയാന്‍ കഴിയുന്നുല്ലെന്ന് കെ.സി.ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ ഒറ്റപ്പടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് സുധീരന്‍ നടത്തുന്നതെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്. അസംതൃപ്തരായ നേതാക്കളെ ഇളക്കിവിടാന്‍ സുധീരന്റെ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ കാരണമാകുമെന്നാണ് എ ഗ്രൂപ്പിന്റെ ഭയം. എന്തുവില കൊടുത്തും ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാനാണ് ഗ്രൂപ്പുനേതാക്കളുടെ തീരുമാനം.