ഡൽഹിയിൽ കെജ്രിവാളിന്റെ ഓഫീസിനു മുന്നിൽ ബി.ജെ.പി പ്രതിഷേധം

#

ന്യൂ ഡൽഹി(13-06-2018): കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിഷ്ക്രിയമാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കളുടെയും എ.എ.പി വിമത എം.എൽ.എ കപിൽ മിശ്രയുടെയും നേതൃത്വത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് ഉപരോധിച്ചു.

സംസ്ഥാനത്ത് ജലവിതരണം കാര്യക്ഷമമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ ഉപരോധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, മജീന്ദർ സിംഗ് സിർസ എം.എൽ.എ എന്നിവർ അറിയിച്ചു. നിഷ്ക്രിയമായ ഡൽഹി സർക്കാരിനെതിരെയാണ് തങ്ങളുടെ സമരമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

ഡൽഹിയിലെ ജലപ്രശ്നം നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിൽ കൃത്യമായി എത്താത്തതിനാൽ ആരോട് പരാതി പറയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഡൽഹിയിൽ കൃത്യമായ ജലവിതരണം ഉറപ്പാക്കുംവരെ സമരം തുടർന്ന് കൊണ്ട് പോകുമെന്ന് ബി.ജെ.പി എം.എൽ.എ മജീന്ദർ സിംഗും പറഞ്ഞു.

നേരത്തെ, റേഷൻ വെട്ടുപടിക്കൽ എത്തിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതിക്ക് ലെഫ്റ്റനൻറ്റ് ഗവർണർ അനുമതി നല്കാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സംഘം സമരം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ എന്നിവരാണ് ലെഫ്റ്റനൻറ്റ് ഗവർണർ അനിൽ ബൈജലിൻറ്റെ ഓഫീസിലെ വെയ്റ്റിങ് റൂമിനു മുന്നിൽ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്.

ഇതിനു പിന്നാലെയാണ് ഡൽഹി സർക്കാരിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സമരം ആരംഭിച്ചത്. ബി.ജെ.പിയുടെ സമരം നിലവിലെ പ്രശ്നനങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണെന്നു എ.എ.പി ആരോപിച്ചു. എന്നാൽ യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുപിടിക്കാനാണ് കെജ്രിവാളിന്റെ സമരമെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു.