യുവാവിനെ മർദിച്ച സംഭവത്തിൽ ഗണേഷ് കുമാർ എം.എൽ.എയ്‌ക്കെതിരെ കേസെടുത്തു

#

കൊല്ലം(13-06-2018): യുവാവിനെ മർദിച്ചുവെന്ന പരാതിയിൽ പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്‌ക്കെതിരെ അഞ്ചൽ പോലീസ് കേസെടുത്തു. എം.എൽ.എയുടെ ഡ്രൈവറിന്റെ പരാതിയിന്മേൽ യുവാവിനെതിരെയും പോലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്. എം.എൽ.എയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചു എം.എൽ.എയും ഡ്രൈവറും ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് അഗസ്ത്യക്കോട് സ്വദേശി അനന്തകൃഷ്ണന്റെ പരാതി.

സംഭവത്തിൽ അനന്തകൃഷ്‌ണന്റെ മൊഴി പോലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. സംഭവത്തിൽ കൊല്ലം റൂറൽ എസ്.പിക്ക് യുവാവ് പരാതി നൽകിയിരുന്നു. യുവാവിന്റെ പരാതി പ്രകാരം ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് എം.എൽ.എയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്.

ഇന്ത്യൻ ശിക്ഷാ നിയമം എന്നാൽ ഇതുവരെയായി സംഭവത്തിൽ പ്രതികരിക്കാൻ ഗണേഷ് കുമാർ തയ്യാറായിട്ടില്ല. പറയാനുള്ളത് ജനങ്ങളോട് നേരിട്ട് പറഞ്ഞുകൊള്ളാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ, യുവാവ് തന്നെയാണ് മർദിച്ചതെന്ന് എം.എൽ.എയുടെ ഡ്രൈവർ ആരോപിച്ചിരുന്നു. ഡ്രൈവറുടെ പരാതിയിന്മേൽ യുവാവിനെതിരെയും അഞ്ചൽ പോലീസ് കേസെടുത്തിട്ടുണ്ട്.