കോയിക്കൽ കൊട്ടാരത്തിന് ശാപമോക്ഷം

#

തിരുവനന്തപുരം(13-06-2018): ചരിത്രവും സംസ്‌കാരവും സമന്വയിക്കുന്ന ആറ്റിങ്ങല്‍ കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരക്കെട്ടുകള്‍ പുനരുദ്ധാരണം നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. കൊട്ടാരക്കെട്ടുകളുടെ മുഖമണ്ഡപമുൾപ്പെടെയുള്ളവയും ചരിത്ര സ്മാരകങ്ങളും തകർച്ച നേരിടുന്ന പശ്ചാത്തലത്തിലാണ് കൊട്ടാരം അറ്റകുറ്റപണികൾ തീർത്ത് നവീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഏകദേശം 6 ഏക്കർ ചുറ്റളവിലുള്ള കൊട്ടാരം കെട്ടിടങ്ങളാണ് ചുമരുകൾ ഇടിഞ്ഞും മേൽക്കൂരകൾ തകർന്നും ,തടിയിലുള്ള വലിയതൂണുകൾക്ക്‌ കേടുപാടും വന്ന് നശിക്കുന്നത്. കോയിക്കൽ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ ഈ അവസ്ഥ നേരിട്ട് മനസ്സിലാക്കി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടിയന്തര നടപടി സ്വീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിയ്ക്കുകയായിരുന്നു.

കൊട്ടാരവും പരിസരത്തെ വിഷ്ണു - ദേവീക്ഷേത്രങ്ങളും കൊട്ടാരക്കെട്ടിനുള്ളിലെ പള്ളിയറ ഭഗവതി ക്ഷേത്രവും ക്ഷേത്ര കലാപീഠവുമൊക്കെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറും ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.കോയിക്കൽ കൊട്ടാരം പുനരുദ്ധാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ, ദേവസ്വം ക്ഷേത്രം ഭാരവാഹികൾ,സംരക്ഷണ സമിതി പ്രതിനിധികൾ, ഗ്രന്ഥശാല പ്രവർത്തകർ ,നാട്ടുകാർ എന്നിവരുമായി കൊട്ടാരത്തിന്റെ അവസ്ഥയും പരിഹാര നിർദ്ദേശങ്ങളും വിശദമായ ചർച്ചക്ക് വിധേയമാക്കി. കൊട്ടാരം പുനരുദ്ധാരണം നടത്തി സംരക്ഷിക്കണമെന്ന ചർച്ചയിലെ ആവശ്യം അംഗീകരിച്ച് ബോർഡ് തീരുമാനം പ്രസിഡൻറ് എ.പത്മകുമാർ തന്നെ യോഗത്തിൽ വ്യക്തമാക്കി. കൊട്ടാരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആറു മാസത്തിനകം പൂർത്തിയാക്കും.നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല വാസ്തുകലാ വിദ്യാപീഠത്തിനെ ഏൽപ്പിക്കും. കൊട്ടാരത്തിന്റെ നവീകരണ ജോലികൾ പൂർത്തിയായാൽ ഉടൻ കൊട്ടാരകെട്ടിടത്തിൽ ക്ഷേത്ര കലാവിദ്യാപീഠം അല്ലെങ്കിൽ താന്ത്രിക വിദ്യാപീഠം അതുമല്ലെങ്കിൽ അനുയോജ്യമായ പദ്ധതി ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ ജി.വിജയകുമാർ, ദേവസ്വം സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടർ, ദേവസ്വം അസിസ്റ്റ് കമ്മീഷണർ, ഗ്രൂപ്പ് ഓഫീസർ,ദേവസ്വം പി.ആർഒ സുനിൽ അരുമാനൂർ തുടങ്ങിയവർ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ സംബന്ധിച്ചു. കൊട്ടാരം വിഷയത്തിൽ ദേവസ്വം ബോർഡിന്റെ അടിയന്തര ഇടപെടലും വേഗത്തിലുള്ള ബോർഡ് തീരുമാനവും യോഗത്തിൽ അഭിനന്ദനാർഹമായി.

തിരുവിതാംകൂര്‍ രാജവംശത്തിന്റെ അമ്മവീടെന്ന നിലയില്‍ കേരളചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട് ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിന്. കേരളീയ വാസ്തുശില്പ മാതൃകയില്‍ കല്ലും മരവും ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ നിര്‍മാണം.കൊട്ടാരക്കെട്ടുകള്‍ തനിമ ചോരാതെ സംരക്ഷിക്കണമെന്ന ആവശ്യത്തിനാണ് ദേവസ്വം ബോർഡ് ഫലപ്രദമായ ഇടപെടലിലൂടെ പരിഹാരം കണ്ടിരിക്കുന്നത്.