ബി.ജെ.പിക്ക് എതിരെ മത്സരിക്കും : ശത്രുഘ്‌നന്‍സിന്‍ഹ

#

പാറ്റ്‌ന (14-06-18) : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരേ താന്‍ മത്സരിക്കുമെന്ന് പ്രമുഖ ബി.ജെ.പിനേതാവും എം.പിയും ചലച്ചിത്രനടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ആര്‍.ജെ.ഡിയുടെയോ കോണ്‍ഗ്രസിന്റെയോ സ്ഥാനാര്‍ത്ഥിയായിട്ടാകും താന്‍ മത്സരിക്കുന്നതെന്ന് സിന്‍ഹ പറഞ്ഞു. തന്റെ സിറ്റിങ് സീറ്റായ പാറ്റ്‌ന സാഹിബ് മണ്ഡലത്തിലാകും മത്സരിക്കുക.

കഴിഞ്ഞദിവസം പാറ്റ്‌നയില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിനിടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഈ വിവരം വെളിപ്പെടുത്തിയത്. 2009 ൽ പാറ്റ്‌ന സാഹിബ് മണ്ഡലം രൂപീകരിച്ചതിനുശേഷമുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും വൻഭൂരിപക്ഷത്തോടെ ആ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ശത്രുഘ്നൻ സിൻഹയാണ്.

പ്രതിപക്ഷപ്പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരേ യോജിച്ച് മത്സരിക്കാന്‍ തീരുമാനിക്കുകയും ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങുകയും ചെയ്തതോടെ ബി.ജെ.പിയില്‍ നിന്ന് പുറത്തേക്കുള്ള ഒഴുക്ക് അധികം വൈകാതെ ആരംഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രഖ്യാപനം അതിന്റെ തുടക്കമായി മാറാന്‍ സാധ്യതയുണ്ട്.