ഇഫ്താര്‍ വിരുന്നുകളില്‍ ചര്‍ച്ചയാകുന്ന മഹാസഖ്യ സാധ്യതകള്‍

#

ന്യൂഡല്‍ഹി (14-06-18) : റംസാന്‍ നോയമ്പ് കാലത്ത് വടക്കേയിന്ത്യയിലെ പ്രമുഖ പ്രതിപക്ഷനേതാക്കള്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നുകള്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് രൂപം കൊള്ളുന്ന മഹാസഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ സജീവമായിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇഫ്താര്‍ വിരുന്നൊരുക്കുന്നതില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ പ്രതിപക്ഷനേതാക്കള്‍ വിപുലമായ രീതിയിലാണ് ഇത്തവണ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിച്ചത്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് സജീവമായ ഇഫ്താര്‍ വിരുന്നുകള്‍ക്ക് വമ്പിച്ച രാഷ്ട്രീയ പ്രാധാന്യം കൈവരുകയും ചെയ്തു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്നലെ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് വിവിധ പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി മാറി. കഴിഞ്ഞയാഴ്ച നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും രാഹുലിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പങ്കെടുത്ത വിരുന്നില്‍ വിമത ജനതാദള്‍(യു) നേതാവ് ശരദ് യാദവ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.എം.കെ നേതാവ് കനിമൊഴി, ബി.എസ്.പി നേതാവ് സതീഷ് മിശ്ര, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, ജനതാദള്‍(എസ്) നേതാവ് ഡാനിഷ് അലി, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഹേമന്ത് സൊരന്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളൊക്കെ സജീവമായ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു.

ജൂണ്‍ 11 ന് ലക്‌നൗവില്‍ സമാജ്‌വാദി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മുലയംസിംഗ് യാദവിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒത്തുചേരലിനുള്ള വേദിയായി മാറി. മുലയത്തിന്റെ കുടുംബാംഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പിണക്കങ്ങള്‍ അവസാനിക്കുന്നതിന്റെ സൂചനകളും ഇഫ്താര്‍ വിരുന്ന് നല്‍കി. എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ആതിഥേയനായ ഇഫ്താര്‍ വിരുന്നില്‍ മുലയംസിംഗ് യാദവും അദ്ദേഹത്തിന്റെ സഹോദരനും എസ്.പി നേതാവുമായ  ശിവപാല്‍ യാദവും പങ്കെടുത്തു. വാരണാസിയില്‍ നരേന്ദ്രമോദി വീണ്ടും മത്സരിക്കുകയാണെങ്കില്‍ സംയുക്ത പ്രതിപക്ഷത്തിന്റെ യോജിച്ച സ്ഥാനാര്‍ത്ഥിയായി മുലയംസിംഗ് യാദവ് മത്സരിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഇഫ്താര്‍ വിരുന്നിലെ മുഖ്യചര്‍ച്ചാവിഷയമായിരുന്നു.

പാറ്റ്‌നയില്‍ ഇന്നലെ ലാലുപ്രസാദ് യാദവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് ഒരുക്കിയ  വിരുന്നിലെ മുഖ്യ ആകര്‍ഷണം വിമത ബി.ജെ.പി നേതാവും ചലച്ചിത്ര നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ സാന്നിധ്യമായിരുന്നു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചുകൊണ്ടാണ് ശത്രുഘ്‌നന്‍ സിന്‍ഹ തേജസ്വിയുടെ വിരുന്നില്‍ പങ്കെടുത്തത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാറ്റ്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ആര്‍.ജെ.ഡിയുടെയോ കോണ്‍ഗ്രസിന്റെയോ ടിക്കറ്റില്‍ താന്‍ മത്സരിക്കുമെന്ന സുപ്രധാന തീരുമാനം സിന്‍ഹ പ്രഖ്യാപിച്ചത് ഈ വിരുന്നില്‍ വച്ചാണ്.

ബി.ജെ.പി സൃഷ്ടിക്കുന്ന മതവിദ്വേഷത്തിന് എതിരായ നിലപാട് പ്രചരിപ്പിക്കാനുള്ള വേദികൾ കൂടിയായി മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പരത്തുന്ന ഇഫ്താര്‍ പാര്‍ട്ടികളെ മാറ്റാനാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ശ്രമിച്ചത്. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചർച്ചകൾക്കുള്ള വേദികളായി മാറുന്ന ഇഫ്താറുകൾ സംഘടിപ്പിച്ചില്ലെങ്കിലും നിരവധി ഇഫ്താർ വിരുന്നുകളിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കുകയുണ്ടായി.