ഉമ്മന്‍ചാണ്ടി എതിര്‍ക്കുന്നവരെ വെട്ടിവീഴ്ത്തുന്നു : പി.ജെ.കുര്യന്‍

#

ന്യൂഡല്‍ഹി (14-06-18) : പരസ്യവിമര്‍ശനം പാടില്ല എന്ന കെ.പി.സി.സി നിര്‍ദ്ദേശം ലംഘിച്ച് ഉമ്മന്‍ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പി.ജെ.കുര്യന്‍. ഉമ്മന്‍ചാണ്ടിക്കെതിരേ വി.എം.സുധീരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ശരിയാണെന്ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കുര്യന്‍ പറഞ്ഞു. തനിക്കെതിരേ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് കുര്യന്‍ മറുപടി പറഞ്ഞു.

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ ബി.ജെ.പിയെ സഹായിച്ചു എന്ന ആരോപണം വാസ്തവവിരുദ്ധമാണ്. താന്‍ നിഷ്പക്ഷമായാണ് എല്ലാ തീരുമാനങ്ങളും എടുത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കോ പ്രതിപക്ഷത്തിനോ തന്നെക്കുറിച്ച് ആക്ഷേപമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. യുവ എം.എല്‍.എമാരെക്കൊണ്ട് തനിക്കെതിരേ ആക്ഷേപങ്ങള്‍ പറയിപ്പിച്ചത് ഉമ്മന്‍ചാണ്ടിയാണ്. താന്‍ ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പിലുണ്ടായിരുന്നപ്പോള്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കില്‍ ഗ്രൂപ്പിനു പുറത്തുപോയതിനുശേഷം രാഷ്ട്രീയത്തില്‍ നിന്നു പുറത്താക്കാന്‍ ശ്രമിച്ചുവെന്ന് കുര്യന്‍ ആരോപിച്ചു. 2012 ല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം തെറിപ്പിക്കാന്‍ ശ്രമിച്ചു.

ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയക്കാള്‍ വലുത് ഗ്രൂപ്പാണെന്ന് കുര്യന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ യു.ഡി.എഫിന്റെ പ്രകടനം പരിതാപകരമായിരുന്നു. 1980 ല്‍ തന്നെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയത് തങ്ങളാണെന്ന ഉമ്മന്‍ചാണ്ടിയുടെയും ആര്യാടന്റെയും അവകാശവാദങ്ങള്‍ തെറ്റാണ്. താന്‍ ജനകീയനല്ല എന്ന് ആക്ഷേപിച്ച യുവ നേതാവ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നേരേ സംസ്ഥാന പ്രസിഡന്റായ ആളാണ്. സ്ഥിരമായി യു.ഡി.എഫ് ജയിച്ച ചെങ്ങന്നൂര്‍, ആ നേതാവ് രണ്ടുതവണ മത്സരിച്ചു കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫിന്റെ കയ്യിലായി.