സുധീരനും കുര്യനും പറഞ്ഞതിനോട് പ്രതികരിക്കില്ല : ഉമ്മൻചാണ്ടി

#

ന്യൂഡൽഹി (14-06-18) : വി.എം.സുധീരനും പി.ജെ.കുര്യനും തനിക്ക് വളരെ വേണ്ടപ്പെട്ടവരാണെന്നും അവർ  ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ തയ്യാറല്ലെന്നും ഉമ്മൻ ചാണ്ടി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എം.സുധീരനും പി.ജെ.കുര്യനും ഉന്നയിച്ച  ആരോപണങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചെങ്കിലും തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. നടന്ന കാര്യങ്ങളെക്കുറിച്ച് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അറിയാം. താൻ അതേക്കുറിച്ച് ഒന്നും പറയേണ്ടതില്ല.

ഇന്നലെ തിരുവനന്തപുരത്തും ഇന്ന് ഡൽഹിയിലും വാർത്താസമ്മളനങ്ങളിലാണ് സുധീരനും കുര്യനും ഉമ്മൻചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. പരസ്യപ്രസ്താവനകൾ പാടില്ലെന്ന്, ചൊവ്വാഴ്ച രണ്ടു പേരും പങ്കെടുത്ത രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചതിനു പുറകെയാണ് സുധീരനും കുര്യനും വാർത്താസമ്മേളനം നടത്തി ഉമ്മൻചാണ്ടിക്കെതിരെ കടന്നാക്രമണം നടത്തിയത്. എ.കെ.ആന്റണിയുടെ അറിവോടെയാണ് സുധീരനും കുര്യനും ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.