എഫ്ബിയിലെ ബലാൽസംഗ ഭീഷണി : പോലീസ് അറച്ചുനിൽക്കുന്നതെന്ത് ?

#

(14.06.2018) : ഫെയ്‌സ്ബുക്കിൽ സ്ത്രീകളുടെ പ്രൊഫൈൽ കണ്ടുകഴിഞ്ഞാൽ ഇരിക്കപ്പൊറുതിയില്ലാതാകുന്ന ഞരമ്പുരോഗികളാണോ മലയാളികളേറെയും? സ്വതന്ത്ര വ്യക്തിത്വവും ശക്തമായ നിലപാടുകളുമുള്ള സ്ത്രീകളാണ് പുരുഷ ഞരമ്പുരോഗികളുടെ ഉറക്കം ശരിക്കും കെടുത്തുന്നതെന്ന് തോന്നുന്നു. കോഴിക്കോട് സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയും എഴുത്തുകാരിയുമായ അപർണാ പ്രശാന്തിക്ക് നേരെ ഫെയ്‌സ്ബുക്കിൽ ഒരു കൂട്ടം ഞരമ്പുരോഗികൾ നടത്തിയ തെറിയഭിഷേകം എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു. അശ്ലീല പദപ്രയോഗങ്ങളിൽ ഒരു സർവ്വകാല റെക്കോഡ് സൃഷ്ടിക്കാനുള്ള ശ്രമം എന്ന് സംശയിക്കുന്ന രീതിയിലായിരുന്നു അപർണയുടെ ഫെയ്സ്ബുക് പോസ്റ്റിൽ കടന്നുകയറിയുള്ള തെറി പ്രയോഗങ്ങൾ. അശ്ലീലപ്രയോഗങ്ങൾ കൊണ്ടു തൃപ്തിപ്പെടാത്ത ആഭാസന്മാർ ബലാൽസംഗ ഭീഷണിയും വധഭീഷണിയും മുഴക്കി. അപർണയ്ക്ക് നേരേ മാത്രമല്ല, അപർണ്ണയുടെ അമ്മയും പ്രമുഖ സ്ത്രീപ്രവർത്തകയും എഴുത്തുകാരിയുമായ ഡോ.പി.ഗീതയ്ക്ക് നേരെയും തെറി അഭിഷേകം ഉണ്ടായി. അമ്മയെയും മകളെയും ബലാൽസംഗം ചെയ്യുമെന്നായിരുന്നു ഭീഷണി.

അല്ലു അർജുൻ നായകനായ "എന്റെ വീട് ഇന്ത്യ, എന്റെ പേര് സൂര്യ" എന്ന തെലുങ്ക് സിനിമയുടെ മലയാളപതിപ്പ് കണ്ടതിനുശേഷം അപർണ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചെറിയ ഒരു കുറിപ്പിൽ പ്രകോപിതരായ അല്ലു അർജുൻ ആരാധകരുടെ വികാരപ്രകടനങ്ങൾ എന്ന നിലയിൽ തുടങ്ങിയ അശ്ലീലപ്രയോഗങ്ങൾ ബലാൽസംഗഭീഷണിയിലേക്കും വധഭീഷണിയിലേക്കും നീങ്ങുകയായിരുന്നു. "അല്ലു അർജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാൻ നോക്കുമ്പോ മഴയത്ത് തീയറ്ററിൽ പോസ്റ്റ് ആവുന്നതിനേക്കാൾ വലിയ ദ്രാവിഡുണ്ടോ" എന്ന അപർണയുടെ നിർദോഷമായ തമാശയോടായിരുന്നു ഈ അശ്ലീല പ്രതികരണങ്ങൾ. അശ്ലീലം നിറഞ്ഞ 1000 ലേറെ കമന്റുകളായിരുന്നു ആ പോസ്റ്റിന് ചുവട്ടിൽ. ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ, സംഘടനയ്‌ക്കോ അതിലെ അംഗങ്ങൾക്കോ ഇതുമായി ഒരു ബന്ധവുമില്ലെന്ന് അല്ലു അർജുൻ ഫാൻസ്‌ അസോസിയേഷൻ വ്യക്തമാക്കി. സംഘടനയുടെ ഭാരവാഹി അപർണയെ ഫോണിൽ വിളിച്ച് ഇക്കാര്യം വിശദീകരിച്ചു. വളരെ വിചിത്രമായ രീതിയിൽ പ്രതികരിച്ചത് , ഇക്കാര്യത്തിൽ ശക്തമായി ഇടപെടേണ്ട പോലീസാണ്.

മേയ് 11 ന് അപർണ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി. സത്വര നടപടി സ്വീകരിക്കേണ്ടതിനു പകരം പരാതിയിൽ അടയിരിക്കുകയാണ് പോലീസ് ചെയ്തത്. മുഖ്യമന്ത്രി, മലപ്പുറം എസ.പി, വനിതാ കമ്മീഷൻ, സൈബർ സെൽ, ഹൈടെക് സെൽ എന്നിവിടങ്ങളിലെല്ലാം പരാതി നൽകി. വനിതാകമ്മീഷനിൽനിന്ന് മാത്രം പ്രതികരണമൊന്നുമുണ്ടായില്ല. മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകൾ വന്നതിനുശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇരുപതോളം പേർ പ്രതിപ്പട്ടികയിലുള്ള കേസിൽ രണ്ടു പേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട നിയാസുദ്ദീൻ എന്നയാൾ ജാമ്യത്തിലിറങ്ങി. ഇന്ന് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. വധഭീഷണി മുഴക്കിയ അർജുൻ വി.സി എന്നയാളുടെ പേര് ആദ്യം എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അപർണ പറഞ്ഞു. മജിസ്‌ട്രേട്ടിന് മുമ്പിൽ മൊഴിനല്കിയതിനുശേഷമാണ് അർജുൻ വി.സിയുടെ പേര് എഫ്‌.ഐ.ആറിലുൾപ്പെടുത്തിയത്. അയാളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. വധഭീഷണിയുടെയും അശ്ലീല പ്രയോഗങ്ങളുടെയും സ്‌ക്രീൻ ഷോട്ട് അടക്കം പരാതി നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനും പോലീസ് മടിക്കുന്നതെന്തുകൊണ്ടാകും?

സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾ തെറി വിളി കേൾക്കാൻ അർഹരാണ് എന്നാകുമോ നമ്മുടെ പോലീസ് കരുതുന്നത്? അതോ, സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള അവിദഗ്ദ്ധതയാകുമോ പോലീസിനെ പുറകോട്ടു വലിക്കുന്നത്? ഇത്തരം ലൈംഗിക മനോരോഗികൾക്കും സംരക്ഷണം നൽകാൻ പോലീസ് സേനയിലും അധികൃതരിലും ആളുകളുണ്ടാകുമോ? സ്ത്രീകൾക്ക് നേരെ സൈബർ ഇടങ്ങളിൽ നടക്കുന്ന ലൈംഗികാക്രമണങ്ങൾ നമ്മുടെ സമൂഹത്തിന്റെ ലൈംഗിക രോഗാതുരത എത്ര ഭീകരമാണെന്ന് വ്യക്തമാക്കുന്നതാണ്. അതിനോട് നീതിപാലക സംവിധാനം പുലർത്തുന്ന നിസ്സംഗത അവസാനിപ്പിച്ച മതിയാകൂ.