കിക്കോഫിന് നിമിഷങ്ങൾ മാത്രം : ലോകം ഫുട്‍ബോളായി മാറുന്നു

#

(14.06.2018) : ലോകകപ്പ് ഫുടബോൾ ആരംഭിക്കാൻ ഇനി നിമിഷങ്ങൾ മാത്രം. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലിന്നുവരെ കപ്പ് നേടിയിട്ടില്ലാത്ത റഷ്യയാണ് 2018 ലെ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8.30നു മോസ്കോയിലെ ലുസ്‌നിക്കി മൈതാനത്ത് ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ആദ്യമത്സരം. ലോകത്തെങ്ങുമുള്ള ഫുടബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ഒരു മാസം ലോകം ഒരു തുകൽ പന്തിലേക്കു ചുരുങ്ങുകയാണ്.

ഇനിവരുന്ന 31 ദിനരാത്രങ്ങൾ ഭൗതികശാസ്ത്രത്തിൻറ്റെ സീമകളെ ലംഘിച്ചു കൊണ്ട് ലോകം ഒരു പന്തിനു ചുറ്റും ഭ്രമണം ചെയ്യും. ഇരവുകൾ പകലുകളാകുന്ന ഒരു മാസം. ഭ്രമണത്തിനൊടുവിൽ ശേഷിക്കുന്ന ചോദ്യം, ആരായിരിക്കും ലോകഫുട്ബാളിന്റ്റെ ആകാശത്തിലെ പുതിയ സൂര്യൻ എന്നത് മാത്രമാകും.

ഉദ്ഘടനച്ചടങ്ങിന് സാക്ഷ്യം വഹിക്കാൻ 80000 ത്തോളം കാൽപ്പന്തു പ്രേമികൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 നഗരങ്ങളിലെ 12 വേദികൾ. 32 ടീമുകൾ 64 മത്സരങ്ങൾ. കാൽപ്പന്തിലെ മുടിചൂടാമന്നന്മാരായ ബ്രസീലും അർജന്റീനയും പോലുള്ളവർ ചെറു മീനുകളായ റഷ്യയും സൗദി അറേബ്യയേയും പോലെ മറ്റുചിലർ. പക്ഷെ വരുന്ന ഒരു മാസത്തേക്ക് കടലാസിലെ കണക്കുകളേയും പ്രവചനങ്ങളേയും പടിക്കു പുറത്തു നിർത്താം. കാരണം ഫുട്ബാൾ അനിശ്ചിതത്വത്തിന്റെ കളിയാണ്. എങ്ങോട്ടും എപ്പോൾ വേണമെങ്കിലും തിരിയാവുന്ന, മാറിമറിയാവുന്ന ഭാഗ്യ-നിർഭാഗ്യങ്ങളുടെ പൂരപ്പറമ്പ്. എന്തും സംഭവിക്കാം...! അവസാന വിസിൽ വരെ അടക്കിപ്പിടിച്ച ശ്വാസ-നിശ്വാസങ്ങളുമായി കാത്തിരിക്കാം. അതുമാത്രമേ നമുക്ക് ചെയ്യാനാവൂ.

ഫുട്ബോൾ...ഒരു കായിക വിനോദമെന്നതിലുപരി വികാരമായി മാറുന്ന നിമിഷങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ദേശങ്ങൾക്കും സംസകാരത്തിനും മതത്തിനും വർണ്ണത്തിനും വംശത്തിനും ലിംഗവ്യത്യാസങ്ങൾക്കും അതീതമായി ലോകജനതതിയെ ഒന്നായി കാണാൻ പഠിപ്പിക്കുന്ന മാഹാമന്ത്രികത.

കാതോർക്കാം....കണ്ണ് നട്ടിരിക്കാം...കാൽപ്പന്തിലെ നമ്മുടെ പ്രിയ രാജകുമാരന്മാർ നീട്ടിയ പാസ്സുകളുമായി ലക്‌ഷ്യം നോക്കി കുതിക്കുമ്പോൾ.