ഭീമൻ പന്തുമായി ഫുട്‍ബോൾ കൊല്ലം

#

കൊല്ലം(14-06-2018): ലോകം കാൽപ്പന്ത് കളിയുടെ ആവേശത്തിലേക്കു നീങ്ങുമ്പോൾ അതിനൊപ്പം പങ്ക് ചേർന്ന് കൊല്ലം നഗരവും. ദക്ഷിണേന്ത്യയിലേക്ക് വച്ചേറ്റവും ഭീമൻ ഫുട്ബോൾ ഉണ്ടാക്കിയാണ് കൊല്ലം നഗരം ഫുട്‍ബോൾ ആവേശത്തെ വരവേറ്റത്. ജൂൺ 20 മുതൽ 24 വരെ നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥമായാണ് 600 കിലോ ഭാരവും 15 അടി ഉയരവും വരുന്ന ഭീമൻ ഫുടബോൾ ഉണ്ടാക്കിയത്. ഏകദേശം 350 കിലോ ഇരുമ്പിലും റബ്ബർ ഷീറ്റിലുമായാണ് ഈ കൂറ്റൻ ഫുടബോൾ ഉണ്ടാക്കിയിരിക്കുന്നത്. ചലച്ചിത്ര കലാസംവിധായകനായ ആർക്കൻ ആണ് ഈ ഭീമൻ ഫുടബോളിന്റെ ശില്പി. അദ്ദേഹത്തിന്റെയും 10 സഹായികളുടെയും 5 ദിവസത്തെ കഠിനപരിശ്രമ ഫലമായാണ് ഭീമൻ പന്ത് നിർമ്മിക്കാനായത് ഭീമൻ ഫുട്ബോളുമായി തെരുവോട്ടവും സംഘടിപ്പിച്ചിരുന്നു. നൂറോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ തങ്ങളുടെ ഇഷ്ട ടീമിന്റെ ജഴ്‌സിയുമണിഞ്ഞ് എസ്.എൻ കോളേജ് ജംക്ഷൻ മുതൽ കൊല്ലം ടൗൺ വരെയുള്ള തെരുവോട്ടത്തിൽ പങ്കെടുത്തു. ഭീമൻ ഫുട്‍ബോളും തെരുവോട്ടാവുമെല്ലാം കാഴ്ചക്കാർക്ക് നവ്യാനുഭവങ്ങളായിരുന്നു. എസ്എൻ കോളേജ് ജംഗ്ഷനിൽ നിന്നാരംഭിച്ച തെരുവോട്ടത്തിന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസ്, സെക്രട്ടറി എം വിജിൻ, ശ്യാംമോഹൻ, എസ്ആർ ആര്യ, എം ഹരികൃഷ്ണൻ, എസ് അരവിന്ദ്എ, ആദർശ് എം സജി, മുഹമ്മദ്‌ നെസ്മൽ എന്നിവർ നേതൃത്വം നൽകി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെഎൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ, എം നൗഷാദ് എംഎൽഎ, എക്സ് ഏണസ്റ്റ്, എഎം ഇക്ബാൽ എന്നിവർ തെരുവോട്ടത്തിൽ പങ്കെടുത്തു. സംസ്ഥാന സമ്മേളനത്തിന്റെ ആവേശം നിറഞ്ഞു നിൽക്കുന്ന നഗരത്തിൽ തെരുവോട്ടത്തിന് മുന്നോടിയായി ഫുട്ബാളിന്റെ ലഹരി പടർത്തി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ടീമും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ടീമും തമ്മിലുള്ള ഫുട്ബാൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിനും പ്രസിഡന്റ് ജയ്ക് സി തോമസും നേതൃത്വം നൽകിയ ടീമും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ ബിജുവും ആർ രാജേഷും ചിന്താജറോമും നേതൃത്വം നൽകിയ ടീമും തമ്മിലുള്ള മത്സരം ലോകകപ്പിന്റെ വിളംബരം കൂടിയായി. ബ്രസീലിന്റെ ജേഴ്സി അണിഞ്ഞെത്തിയ ഡിവൈഎഫ്ഐ ടീം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അർജന്റീനയുടെ ജേഴ്സി അണിഞ്ഞെത്തിയ എസ് എഫ്ഐ ടീമിനെ പരാജയപ്പെടുത്തി.എം മുകേഷ് എംഎൽഎ മത്സരം കിക്ക് ഓഫ് ചെയ്തു.