മാലിദ്വീപിലെ തൊഴില്‍ നിഷേധം: സ്ഥിതി ആശങ്കാജനകമെന്ന് പിണറായി വിജയൻ

#

തിരുവനന്തപുരം(16-06-2018): മാലി ദ്വീപില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി കൊടുക്കാതിരിക്കുകയും പുതിയ തൊഴില്‍ വിസ നൽകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.

മാലി ദ്വീപ് ഇന്ത്യക്കാര്‍ക്കെതിരെ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങള്‍ അങ്ങേയറ്റം ഉല്‍ക്കണ്ഠയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ദ്വീപ് സ്വതന്ത്രമായകാലം മുതല്‍ ഇന്ത്യയും മാലിദ്വീപുമായി നയതന്ത്ര ബന്ധങ്ങള്‍ തുടരുന്നുണ്ട്. അവിടത്തെ വിദ്യാഭ്യാസ, ആരോഗ്യ, വിനോദസഞ്ചാര മേഖലകളില്‍ മുപ്പതിനായിരത്തോളം വരുന്ന ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ വലിയൊരു വിഭാഗം ആൾക്കാരും കേരളീയരാണ്. ദ്വീപിലെ സാമ്പത്തിക രംഗത്ത് കേരളം വഹിക്കുന്ന പങ്ക് അവിടത്തെ സര്‍ക്കാരും ജനങ്ങളും രേഖപ്പെടുത്തിയിട്ടുമുണ്ടെന്നും കത്തിൽ പിണറായി വിജയൻ ചൂണ്ടിക്കാണിക്കുന്നു.

ഈയിടെ ഉണ്ടായ ചില രാഷ്ട്രീയ സംഭവവികാസങ്ങളാണ് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് തടഞ്ഞുവെക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതെന്ന് കരുതുന്നതായും പിണറായി കത്തിൽ പറയുന്നു. സാധാരണ ഗതിയില്‍ ഒരാഴ്ച്ചയ്ക്കകം പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാറുള്ളതാണ്. പെര്‍മിറ്റ് പുതുക്കി നല്‍കാതിരിക്കുന്നതിനുപുറമെ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നുമില്ല. ഇതൊരു ദേശീയ പ്രശ്നമായി കണക്കാക്കി അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് സുഷമ സ്വരാജിനോട് കേരളാ മുഖ്യമന്ത്രി അഭ്യർത്ഥിക്കുന്നു.