കട്ടിപ്പാറ ഉരുൾപൊട്ടൽ: മരണസംഖ്യ 14 ആയി

#

കോഴിക്കോട്(18-06-2018): കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി. . കരിഞ്ചോല ഉമ്മിണി അബ്ദുള്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇതോടെ, ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം തിരച്ചിലിൽ കണ്ടെത്തി.

വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അന്ന് മുതല്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരുകയായിരുന്നു. കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനാൽ തിരച്ചിൽ അവസാനിപ്പിക്കാനും തീരുമാനമായി.