സൗരോർജം വില കൊടുത്ത് വാങ്ങാൻ കേരള സർക്കാർ

#

തിരുവനന്തപുരം(18-06-2018): കേരളത്തിലെ വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനു വേണ്ടി ഊര്‍ജ്ജകേരളാ മിഷന്‍ മുഖേന "സൗര" പദ്ധതി നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി, കേരളത്തില്‍ മുതല്‍ മുടക്കാന്‍ താല്‍പ്പര്യമുള്ള സ്വകാര്യസംരംഭകരില്‍ നിന്ന് 200 മെഗാവാട്ടിന്റെ സൗരോര്‍ജ്ജം ടെന്‍ഡര്‍ മുഖേന വാങ്ങുന്നതിന് കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു മെഗാവാട്ടോ അതിലധികമോ സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ കേരളത്തില്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികളുടേയും സ്ഥാപന പ്രതിനിധികളുടെയും യോഗം ജൂലൈ മാസം 6 വെള്ളിയാഴ്ച തിരുവനന്തപുരത്തു വച്ച് നടത്തുവാനും തീരുമാനമായി.

താല്‍പ്പര്യമുള്ള സൗരോര്‍ജ്ജ ഉല്‍പ്പാദകര്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ green.energy@kseb.in എന്ന ഇ മെയിലിലോ 9496018677, 9446008570 എന്നീ ഫോണ്‍ നമ്പറുകളിലോ ജൂണ്‍ മാസം 30 വരെ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും വൈദ്യുതി വകുപ്പ് ഒരുക്കിയിട്ടുണ്ട്.