പി.വി. അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്

#

കോഴിക്കോട് (19-06-18) : കക്കാടം പൊയിലിലെ പി.വി.അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിലെ കുളങ്ങൾ  വറ്റിക്കാൻ ഉത്തരവിട്ടു. ഇന്ന് വൈകുന്നേരത്തിനകം നാല് സംഭരണികളിലെയും വെള്ളം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശത്ത് രണ്ടു ലക്ഷത്തോളം ലിറ്റർ വെള്ളമാണ് അപകടകരമായ രീതിയിൽ നാല് സംഭരണികളിലായി ശേഖരിച്ചു വെച്ചിരിക്കുന്നത്. വെള്ളം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വെള്ളം നീക്കം ചെയ്ത് എത്രയും പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് നൽകാനും ആവശ്യപെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ പാർക്കിനുള്ളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. പാർക്കിൽ നിർമ്മിച്ചിരിക്കുന്ന  ജലസംഭരണിക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതായുള്ള ഭീതിയെത്തുടര്‍ന്നാണ് നടപടി.