കരിമണൽ ഖനനം ചെയ്ത് കടത്തി തീരത്തെ തകർക്കുന്നതാര് ?

#

(20-06-18) : കൊല്ലം ജില്ലയിലെ പൊന്മനയും വെള്ളനാതുരുത്തും മുതൽ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി വരെയുള്ള കടലോരങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആർ.ഇ യും കെ.എം.എം.എല്ലും വിവിധ രീതികളില്‍ നടത്തുന്ന ധാതു മണല്‍ ഖനനം തീരപ്രദേശങ്ങളെ വ്യാപകമായി തകര്‍ക്കുകയാണ്. 1965 മുതല്‍  ഐ.ആർ.ഇ  കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയുടെ തീരപ്രദേശമായ വെള്ളനാതുരുത്തില്‍ കടലോരത്ത് നടത്തിയ ഖനനം മൂലം 80 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം കടലായി മാറി.1955 -ല്‍ ലിത്തോ മാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പഞ്ചായത്ത് ഇന്ന് കേവലം 8 ചതുരശ്ര കിലോമീറ്റര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴി കേന്ദ്രീകരിച്ചും ചില സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍  ഐ.ആർ.ഇ യിലേക്കെന്ന പേരിൽ ഖനനം നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍ സുഗമമായി തുറന്നുകൊടുക്കാന്‍ എന്ന വ്യാജേന ഐ.ആർ.ഇ നടത്തിയ ഖനനം തൃക്കുന്നപ്പുഴ, പുറക്കാട്,തീരപ്രദേശങ്ങളെ തകര്‍ത്തു. തീരം തകര്‍ക്കപ്പെടുമ്പോള്‍ തീരശോഷണത്തോടൊപ്പം പലജീവി വര്‍ഗ്ഗങ്ങളും അപ്രത്യക്ഷമാകുന്നു. ഏറ്റവും കൂടുതല്‍ കടലാമകള്‍ മുട്ടയിടുന്ന പ്രദേശമായിരുന്നു പൊന്മന മുതല്‍ വടക്കോട്ടുള്ളത്. അതുപോലെ വിവിധ തരം കൊഞ്ചു വര്‍ഗ്ഗങ്ങളുടെയും പ്രജനന മേഖലയായിരുന്നു ഈതീരം. തീരത്തുണ്ടാകുന്ന ചാകര എന്ന പ്രകൃതി ദത്തമായ പ്രതിഭാസത്തെ ഖനനം ഇല്ലാതാക്കി. നിരവധി പേരുടെ ഭൂമിയും തൊഴിലിടങ്ങളും ഇതിനകം ഇല്ലാതായി. ടി.എസ്‌ കനാലിനും ലക്ഷദീപ് കടലിനുമിടയില്‍ ഈ ഭൂപ്രദേശം 5 മീറ്റര്‍ വരെയായി. ഇങ്ങനെ പല തരത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ എല്ലാം വിലയിരുത്തുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യങ്ങളില്‍ ഇടപെടേണ്ട മൈനിംഗ് &ജിയോളജി, ഭൗമശാസ്ത്ര പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്നറിയില്ല. നിലവില്‍ ഖനനം ചെയ്യുന്ന കമ്പനികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയാറാക്കുന്ന ജോലി മാത്രമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത് എന്നുവേണം മനസ്സിലാക്കാൻ.

തീരദേശ മണല്‍ ഖനത്തിനെതിരെ  സമരങ്ങള്‍ ഉയര്‍ന്നു വരുമ്പോഴൊക്കെ സമരനേതൃത്വത്തില്‍ നില്‍ക്കുന്നവര്‍ക്കെതിരെയും ജനങ്ങള്‍ക്കെതിരെയും കരിമണല്‍ കള്ളക്കടത്ത് ആരോപിക്കുക കേരളത്തിലെ ചില മുഖ്യധാരാ പത് -ദൃശ്യ മാധ്യമങ്ങളുടെ പതിവാണ്. കൊച്ചിയിലെ സ്വകാര്യ കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ധാതുമണലിന്റെ ലഭ്യതയെ ബാധിക്കാതിരിക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ പ്രചരണങ്ങള്‍ ആയിരുന്നു അവ എന്ന് മനസ്സിലാക്കിയപ്പോഴേക്ക് വൈകിപ്പോയിരുന്നു. തീരദേശത്തെ ജനങ്ങൾ കരിമണല്‍  കള്ളക്കടത്തുകാരാണെന്നും തീരത്തെ സമരങ്ങൾക്ക് നേതൃത്വം നൽകുന്നവർ കള്ളക്കടത്തിന് വേണ്ടിയാണ് ഖനന വിരുദ്ധ സമരം നടത്തുന്നത് എന്നുമുള്ള പ്രചരണങ്ങൾ ഒരു വിഭാഗം പത്ര- ദൃശ്യ മാധ്യമങ്ങൾ വ്യാപകമായി നടത്തി. പക്ഷേ തീരത്തെ മനുഷ്യര്‍ എപ്പോഴൊക്കെ കരിമണല്‍ കടത്തിനെതിരായി പ്രവര്‍ത്തിച്ചോ ആപ്പോഴൊക്കെ പോലിസ് സംവിധാനങ്ങളും ഭരണകൂടവും കരിമണല്‍ കള്ളക്കടത്തുകാരുടെ ഭാഗത്തായിരുന്നു നിലയുറപ്പിച്ചത്. ജനങ്ങളോടൊപ്പം നില്‍ക്കേണ്ട ജനപ്രതിനിധികൾ പോലും പലപ്പോഴും ഇത്തരം പ്രചരണങ്ങൾ ഏറ്റെടുത്തു. കേരളത്തിലെ ഒരു പോലിസ് സ്റ്റേഷനില്‍ പോലും കരിമണല്‍ കള്ളക്കടത്തിന്‍റെ പേരില്‍ ഒരു കേസ് പോലും രജിസ്ടര്‍ ചെയ്തിട്ടില്ല. ആരെങ്കിലും മണല്‍ കടത്തിയിട്ടുണ്ടെങ്കില്‍ അത് ഭരണ സംവിധാനത്തിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണ് എന്നാണ്  അത് വ്യക്തമാക്കുന്നത്.

ഐ.ആര്‍.ഇ പൊതു മേഖലാ സ്ഥാപനം ആണെങ്കിലും അവര്‍ തീരത്ത്‌ നിന്നും ഖനനം ചെയ്യുന്ന മണല്‍ എത്തുന്നത് വിദേശി -സ്വദേശി സ്വകാര്യ കുത്തകകളിലേക്കാണ്. പൊതു മേഖലയുടെ പേരില്‍ തീരത്ത്‌ നിന്നും മണല്‍ ഖനനം നടത്തി സ്വകാര്യ കമ്പനികള്‍ക്ക് എത്തിച്ചുകൊടുക്കുകയും വെള്ളമണല്‍ മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഏജന്‍സി ആയാണ് ഐ ആര്‍ ഇ പ്രവര്‍ത്തിക്കുന്നത്. 1992 മുതല്‍ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഖനനക്കുത്തക അടിച്ചു മാറ്റാന്‍ സംസ്ഥാന ഭരണം കൈയാളുന്നവരുടെ അറിവോടെ പലശ്രമങ്ങളും സ്വകാര്യ കമ്പനികള്‍ നടത്തിയിരുന്നു .അതിനായി ധാരാളം പണവും വാരിയെറിഞ്ഞു. ഐ.ആര്‍.ഇ യുടെ സി.എം.ഡി ആയിരുന്ന ആര്‍ .കെ ഗാര്‍ഗ് ആയിരുന്നു കൊച്ചിയിലെ സ്വകാര്യ കമ്പിനിയുടെ ചെയര്‍മാന്‍. കമ്പനിയുടെ വൈസ് ചെയര്‍മാന്റെയും മാനേജിംഗ് ഡയറക്ടറുടെയും ബന്ധുക്കള്‍ക്കായിരുന്നു കമ്പനിയുടെ സിംഹ ഭാഗവും ഷെയര്‍. കെ.എം.എം.എല്‍ ന്‍റെ തലപ്പത്ത് ഉണ്ടായിരുന്നവരെ സ്വാധീനിച്ചു ടെക്നോളജി ചോര്‍ത്തിയും, ഐ.ആര്‍. ഇ ചവറ യൂണിറ്റില്‍ നിന്നും ചട്ടങ്ങള്‍ ലംഘിച്ചു മണല്‍ കടത്തിക്കൊണ്ട് പോയും സ്വകാര്യ കൂട്ടുകച്ചവടങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ തീരത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ഇതിന്‍റെ ദുരന്തങ്ങള്‍ ഏറ്റു വാങ്ങുകയായിരുന്നു.

1991-96 -ലെ യു.ഡി.എഫ് സര്‍ക്കാര്‍ കാലാവധി തീരുന്നതിനു തൊട്ടു മുന്‍പ് കായംകുളം തീരത്ത്‌ നിന്നും ധാതുമണല്‍ ഖനനം ചെയ്യുന്നതിനു കൊച്ചിയിലെ സ്വകാര്യകമ്പനിക്ക് അനുമതി നല്‍കി  തെരഞ്ഞെടുപ്പു കഴിഞ്ഞ് അധികാരത്തില്‍ വന്ന എൽ.ഡി.എഫ് സര്‍ക്കാര്‍ ഈ അനുമതി റദ്ദാക്കി. 1992 -ല്‍ കരാറുകാര്‍ മുഖേന തീരമേഖലയില്‍ നിന്നും മണല്‍ ഖനനം ചെയ്ത് ഐ ആര്‍ ഇ ക്കും കെ എം എം എല്‍ നും എത്തിച്ചു കൊടുക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു ( GO[ms]156 /93 /ID 2-12-1993). പ്രതിമാസം 2000 ടണ്‍ മണല്‍ വീതം പൊതു മേഖലയിലെ 2 സ്ഥാപനങ്ങള്‍ക്കും എത്തിച്ചു കൊടുക്കുന്നതിനു ഈ ഉത്തരവിന്‍റെ മറവില്‍ ലക്ഷക്കണക്കിന് ടണ്‍ മണല്‍ കായംകുളം പൊഴിയില്‍ നിന്ന് വാരുകയും കായംകുളത്തിന്‍റെ കായലോരങ്ങളില്‍ നിന്നും വിവിധ കമ്പനികളിലേക്ക് കടത്തികൊണ്ടു പോകുകയും ചെയ്തു. തീരത്തെ ജനങ്ങള്‍ തടയാന്‍ ചെന്നപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് തുണയ്ക്കെത്തി 1997 -ല്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ ഈ ഉത്തരവ് വീണ്ടും പുതുക്കി നല്‍കി (GO[ms]166/97.ID/13.11.1997) യഥാര്‍ത്ഥത്തില്‍ തീരത്ത്‌ നിന്നും മണല്‍ കടത്തിക്കൊണ്ടു പോകാന്‍ എല്ലാ വാതിലും തുറന്നിട്ടതിനു പിന്നില്‍  ആരാണോ അവരൊക്കെ തന്നെയാണ് കരിമണല്‍ കള്ളക്കടത്തിന് ഉത്തര വാദികള്‍.1994 -ല്‍ വെസ്ട്രെലിയന്‍ സാന്റ്സ് , റെന്നിസന്‍ ഗോള്‍ഡ്‌ ഫീല്‍ഡ് കണ്‍സോളിഡേറ്റഡ് എന്നീ വിദേശ  സ്വകാര്യ കമ്പനികളെ കൂട്ടി ക്കൊണ്ട് വന്നു. തീരദേശ ജനതയുടെ ചെറുത്തുനില്‍പ്പ്‌ മൂലം ആ സ്ഥാപനങ്ങൾക്ക് ഇവിടെ നിന്നും കെട്ടു കെട്ടേണ്ടി വന്നു.

1965 മുതല്‍ ഐ ആര്‍ ഇ വെള്ളനാതുരുത്തില്‍ നിന്നും ആലപ്പാട് നിന്നും മണല്‍ വാരിക്കൊണ്ട് പോയതല്ലാതെ ഒരു തരി മണല്‍ പോലും തിരിച്ചു തീരത്തേക്ക് കൊണ്ടുവന്നില്ല. പൊന്‍മന എന്ന ഒരു ഗ്രാമത്തെ പൂര്‍ണ്ണമായും മരണത്തിനു വിട്ടു കൊടുത്തു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് ആസ്സന്ന മരണത്തിലേക്ക് കാല്‍ വച്ച് നില്‍ക്കുമ്പോള്‍ പോലും ഐ ആര്‍ ഇ മണല്‍ ഖനനം ചെയ്തു മറിച്ചു വില്‍ക്കുകയാണ്. ഇതിനു മൈനിംഗ്& ജിയോളജി -റവന്യു -പോലിസ് അവിശുദ്ധ ബന്ധങ്ങള്‍ ഉണ്ടെന്നു തെളിയിക്കുന്ന സംഭവങ്ങളും ഉണ്ടായി. സമീപകാലത്ത് ഐ ആര്‍ ഇ യില്‍ നിന്നും രാത്രിയില്‍ അനധികൃതമായി  കടത്താന്‍ ശ്രമിച്ച മണലും ലോറിയും നാട്ടുകാര്‍ ചെറിയഴീക്കല്‍ വച്ച് പിടികൂടി തഹസില്‍ദാരുടെ അറിവോടെ കരുനാഗപ്പള്ളി പോലിസിനെ ഏല്പിച്ചു. പക്ഷേ, പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഏതുസമയത്തും എങ്ങോട്ടും മണല്‍ കാത്തിക്കൊണ്ട് പോകാവുന്ന വിധം ഐ ആര്‍ ഇ യുടെ വാതില്‍ തുറന്നിട്ടിരിക്കുമ്പോള്‍ കരിമണല്‍ കള്ളക്കടത്തിന്‍റെ കഥ പറഞ്ഞു ജനകീയ സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ജന പ്രതിനിധികളും പത്ര -ദൃശ്യ മാധ്യമാങ്ങളും ഉൾപ്പെടെയുള്ളവർ തകർക്കുന്നത് തീരദേശഗ്രാമങ്ങളെയും അവിടെ അധിവസിക്കുന്ന ആയിരക്കണക്കിന് മനുഷ്യരെയുമാണ്.