മുസ്ലീംലീഗ് വാക്കു പാലിക്കാത്തതിന് രാഹുലിനെതിരേ ബി.ജെ.പി

#

ന്യൂഡല്‍ഹി (20-06-18) : ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മയെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും അധിക്ഷേപിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. രാധിക വെമുലയുടെ വികാരങ്ങളെ ചൂഷണം ചെയ്ത കോണ്‍ഗ്രസും കൂട്ടാളികളും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയ്ക്ക് 20 ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് മുസ്ലീംലീഗ് വഞ്ചിച്ചു എന്ന് ഗോയല്‍ ആരോപിച്ചു. 20 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പൊതുയോഗങ്ങളില്‍ ബി.ജെ.പിക്കെതിരേ ആക്ഷേപം ചൊരിയാന്‍ രാധികാ വെമുലയെ പ്രേരിപ്പിച്ച പാര്‍ട്ടികളുടെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന് ഗോയല്‍ ആവശ്യപ്പെട്ടു.

രോഹിത് വെമുലയുടെ കുടുംബം വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് പറഞ്ഞ ഗോയല്‍, രാഹുല്‍ഗാന്ധിയോടൊപ്പം വേദി പങ്കിട്ടതിന് രാധിക വെമുലയ്ക്ക് നല്‍കിയ വാഗ്ദാനം എന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പണം വാഗ്ദാനം ചെയപ്പെട്ടതിന്റെ പേരിലാണ് ബി.ജെ.പിയ്ക്ക് എതിരെ രാധിക വെമുല ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന പീയുഷ് ഗോയലിന്റെ ആരോപണത്തിനെതിരെ വരുംദിവസങ്ങളിൽ വ്യാപകമായ പ്രതിഷേധമുയരും എന്ന് വ്യക്തം.