പശുവിനെ കടത്തിയെന്നാരോപിച്ച് യു.പിയിൽ വീണ്ടും കൊലപാതകം

#

ലക്‌നൗ(20-06-2018): പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ പശുവിനെ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ മൃഗീയമായി മർദിച്ചു കൊലപ്പെടുത്തി. മറ്റൊരാൾക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

45കാരനായ കാസിം, 65കാരനായ സമയുദീൻ എന്നിവരാണ് ആക്രമണത്തിനിരയായത്. കാസിം ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ സമയുദീൻ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്ര തലസ്ഥാന നഗരിയായ ഡൽഹിയിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് ഹാപ്പൂർ ഗ്രാമം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർക്കെതിരെ അക്രമം നടന്നത്. എന്നാൽ, അയൽ ഗ്രാമത്തിലുള്ള ചിലരുമായുള്ള വാക്ക് തർക്കത്തെ തുടർന്നാണ് ഇവർക്ക് മർദ്ദനമേറ്റതെന്നാണ് പോലീസ് പറയുന്നത്. തുടക്കത്തിൽ വാഹനാപകടത്തിലാണ് കാസിം മരണപ്പെട്ടതെന്നു പറഞ്ഞ പോലീസ്, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുതിയ വാദവുമായെത്തിയത്. എന്നാൽ, പശുക്കടത്ത് ആരോപിച്ചാണ് ഇരുവർക്കും മർദ്ദനമേറ്റതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

കാസിമിനെ ആൾക്കൂട്ടം മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തുന്ന ആൾ ആക്രമണം നിർത്താനും കാസിമിന് വെള്ളം നൽകാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ ഉണ്ട്.