മതത്തിന്റെ പേരില്‍ ദമ്പതികള്‍ക്ക് അധിക്ഷേപം ; ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

#

ലക്‌നൗ (21-06-18) : ലക്‌നൗവില്‍ മിശ്രവിവാഹിതരായ ദമ്പതികളെ അധിക്ഷേപിച്ച പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റി. മുസ്ലീം മതത്തില്‍പെട്ട അനസ് സിദ്ദീഖിയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദു സമുദായാംഗമായ തന്‍വി സേത്തിനുമാണ് ലക്‌നൗവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ വെച്ച് പാസ്‌പോര്‍ട്ട് ഓഫീസറില്‍ നിന്ന് കടുത്ത തിക്താനുഭവമുണ്ടായത്. പാസ്‌പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയ ദമ്പതികളോട് മോശമായി പെരുമാറിയ പാസ്‌പോര്‍ട്ട് ഓഫീസര്‍ വികാസ് മിശ്ര, അനസിനോട് ഹിന്ദുമതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു.

പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലുണ്ടായ തിക്താനുഭവത്തെക്കുറിച്ച് തന്‍വിയും അനസും തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുകയും വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ ട്വീറ്റില്‍ ടാഗ് ചെയ്യുകയും ചെയ്തു. അനസ് മതംമാറി ഹിന്ദുമത ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് വികാസ് മിശ്ര ആവശ്യപ്പെട്ടെന്നും തന്റെ ജീവിതത്തില്‍ ഇത്രയേറെ അപമാനിക്കപ്പെട്ട ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും തന്‍വി ട്വീറ്റ് ചെയ്തു. പ്രശ്‌നം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ചര്‍ച്ചയായതോടെ വിദേശകാര്യമന്ത്രാലയം പ്രശ്‌നത്തില്‍ ഇടപെട്ട് പാസ്‌പോര്‍ട്ട് ഓഫീസര്‍ വികാസ് മിശ്രയെ സ്ഥലം മാറ്റുകയായിരുന്നു.