ചൂരൽ ആയുധമാക്കാൻ അദ്ധ്യാപകർ പോലീസുകാരോ ?

#

(21-06-18) :  അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ  ഒരു കത്ത് , നമ്മുടെ അദ്ധ്യാപക സമൂഹത്തിന്റെ പൊതു മനോഭാവം വ്യക്തമാക്കുന്നതാണ്.തമ്മിൽ അടിപിടികൂടിയ കുട്ടികളിൽ ചൂരൽ പ്രയോഗം നടത്തിയ ഒരദ്ധ്യാപകന്  നേരിടേണ്ടിവന്ന നിയമപരമായ ബുദ്ധിമുട്ടുകളും അതിനോടനുബന്ധിച്ചുള്ള വേദനയും പങ്കുവയ്ക്കുന്നതായിരുന്നു ആ കത്ത്.

അദ്ധ്യാപകർ മറ്റൊരർഥത്തിൽ രക്ഷകർത്താക്കൾ തന്നെയാണ്.നേർവഴി നടത്താൻ സദുദ്ദേശത്തോടെ അദ്ധ്യാപകർ ചെയ്യുന്ന പല പ്രവൃത്തികളും  വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതിൽ കുട്ടികളും രക്ഷിതാക്കളും ഒറ്റക്കെട്ടായ് നിൽക്കുന്നു എന്നുള്ള പരാതിയുമായി  പൊതുസമൂഹത്തിലേക്ക് എയ്തുവിട്ട ആ കത്ത് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. 'അദ്ധ്യാപകർ കേവലം ശമ്പളം വാങ്ങാനും ടെക്സ്റ്റ് പുസ്തകം ചവച്ചരച്ചു ശർദ്ദിക്കാനുമുള്ള കോമാളി മാത്രമായി മാറിയിരിക്കുന്നു'. എന്നാണ് ആ അദ്ധ്യാപകന്റെ വിമർശനം.

ചേഷ്ടാവാദ സിദ്ധാന്തത്തിൽ നിന്നും സാമൂഹ്യ ജ്ഞാനനിർമിതി വാദത്തിലെത്തിനിൽക്കുന്ന വിദ്യാഭ്യാസത്തിന്റെ  വളർച്ചയോടൊപ്പം നമ്മുടെ അദ്ധ്യാപകസമൂഹത്തിൻറെ  ബോധം വളർന്നിട്ടില്ല എന്ന്   ഈ വാചകങ്ങൾ വ്യക്തമാക്കുന്നു. കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നതിനെ വളരെ വൈകാരികമായാണ്  അദ്ധ്യാപകർ ന്യായീകരിക്കുന്നത്. പുരോഗമന ആശയങ്ങളും നിലപാടുകളും വച്ചുപുലർത്തുന്ന ന്യൂനപക്ഷം വരുന്ന അദ്ധ്യാപകർ ഒറ്റപ്പെടുന്നതാണ്  നമ്മുടെ സാമൂഹ്യാവസ്ഥ.

മേൽപ്പറഞ്ഞ അധ്യാപകന്റെ പ്രവൃത്തിയെ ഒന്ന് വിശകലനം ചെയ്യാം. 'അടികൂടുന്ന കുട്ടികളിൽ ചൂരൽപ്രയോഗം നടത്തി'. ഇവിടെ അടിപിടി കൂടുന്നത് രണ്ടു മുതിർന്ന വ്യക്തികളാണെങ്കിൽ നമ്മുടെ സമീപനം ഇതായിരിക്കുമോ..? അല്ല എന്നുതന്നെയാണ് ഉത്തരം. ഇതിൽ നിന്നും മനസിലാകുന്നത്, കുട്ടിയെ ഒരു വ്യക്തിയായി  അംഗീകരിക്കുന്ന മാനസികാവസ്ഥയിലേക്ക് നമ്മുടെ സമൂഹം എത്തിയിട്ടില്ല എന്ന് തന്നെ. അദ്ധ്യാപകർ വിദ്യാർത്ഥികളുടെമേൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്നുണ്ട്.

കുട്ടികളുടെ ലോകം സംഘർഷത്തിലേയ്ക്കും പിരിമുറുക്കത്തിലേക്കും പോകുന്നതിന്റെ പ്രധാന കാരണം, തങ്ങളുടെ പ്രശനങ്ങൾ, ബുദ്ധിമുട്ടുകൾ തുറന്നുപറയാനാകാത്തവിധം രക്ഷകർത്താക്കളും അദ്ധ്യാപകരും പാലിക്കുന്ന അകലമാണ്. ശാരീരിക മാനസിക വളർച്ചാഘട്ടങ്ങളിൽ കുട്ടികളുടെ ആവശ്യങ്ങളിൽ ആരോഗ്യകരമായ ഇടപെടൽ നടത്താനുള്ള പ്രാപ്തി കൈവരിക്കാൻ , നമ്മുടെ അദ്ധ്യാപക രക്ഷാകർതൃസമൂഹം നവീകരിക്കപ്പെടേണ്ടതുണ്ട്.

കുട്ടികളുടെ വൈവിധ്യങ്ങൾ കണ്ടെത്തി നവസാമൂഹ്യനിർമ്മിതി നടത്തേണ്ടവർ 'ഗുരുകുലവാദം' നടത്തുന്നത് അശാസ്ത്രീയവും അപക്വവും ഒപ്പം പുരോഗമന വിരുദ്ധവുമാണ്.