അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി സോണിയ-കമല്‍ഹാസന്‍ കൂടിക്കാഴ്ച

#

ന്യൂഡല്‍ഹി (21-06-18) : രാഷ്ട്രീയത്തില്‍ സജീവമായിത്തുടങ്ങിയ നടന്‍ കമല്‍ഹാസന്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ഡല്‍ഹിയിലെത്തിയ കമല്‍ ഇന്നലെ രാഹുല്‍ഗാന്ധിയെയും കണ്ടിരുന്നു. ഡല്‍ഹിയില്‍ മറ്റൊരു രാഷ്ട്രീയ നേതാവിനെയും കമല്‍ഹാസന്‍ കണ്ടില്ല. കോണ്‍ഗ്രസ് നേതാക്കളെ മാത്രമാണ് താന്‍ കണ്ടത് എന്നത് ഒരു യാദൃശ്ചികതയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞെങ്കിലും രാഷ്ട്രീയമായി വലിയ അര്‍ത്ഥം ഈ കൂടിക്കാഴ്ചയ്ക്കുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

കോണ്‍ഗ്രസുമായി തന്റെ പാര്‍ട്ടി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിന്, അത് പറയാന്‍ തീരെ സമയമായിട്ടില്ല എന്നായിരുന്നു കമല്‍ഹാസന്റെ ഉത്തരം. അക്കാര്യം സോണിയയുമായുള്ള ചര്‍ച്ചയില്‍ വിഷയമായില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയസ്ഥിതിഗതികളെക്കുറിച്ച് മാത്രമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ജയലളിതയുടെ മരണത്തിനുശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ താരപ്രഭയുള്ള ഒരു നേതാവിന്റെ അഭാവം നിലനില്‍ക്കുന്നതും തമിഴ്‌നാട്ടില്‍ നിന്ന് പരമാവധി ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതും കൂട്ടി വായിക്കുന്നവരാണ് കമല്‍-സോണിയ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രധാന്യം കല്പിക്കുന്നത്.