മെഡിക്കല്‍ കോളേജിലെ അഗ്നിസുരക്ഷാ സംവിധാനം ശക്തമാക്കുന്നു

#

തിരുവനന്തപുരം(21-06-2018): തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ഡയാലിസ് യൂണിറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫയര്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ വൈസ് പ്രിൻസിപ്പൽ ഡോ.സബൂറാ ബീഗത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോളേജ് മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. അപകടം ഉണ്ടായ ഉടന്‍ തന്നെ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ്, ആര്‍.എം.ഒ ഡോ.മോഹന്‍ റോയ്, സെക്യൂരിറ്റി ഓഫീസര്‍, ഫയര്‍ ഓഫീസര്‍ തുടങ്ങിയിവരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ സ്ഥിതി ഗതികള്‍ നിയന്ത്രണമാക്കുകയായിരുന്നു. തുടര്‍ന്ന് ഡയാലിസ് യൂണിറ്റില്‍ ഉണ്ടായിരുന്ന വെന്റിലേറ്ററിൽ ഉൾപ്പെടെയുള്ള മുഴുവന്‍ രോഗികളേയും സുരക്ഷിതമായി മറ്റ് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പി.ഡബ്ലയു.ഡി ഇലക്ട്രിക്കല്‍ വിഭാഗവും കെ.എസ്.ഇ.ബി യും പ്രഥമിക പരിശോധ നടത്തി.

രണ്ട് വര്‍ഷം മുന്‍പ് ആശുപത്രിയിൽ ഡോ.എം.എസ്.ഷർമ്മദ് സൂപ്രണ്ട് ആയി ചുമതലയേറ്റെടുത്ത ശേഷം ഫയര്‍ ആന്റ് സേഫ്റ്റി കൂടുതല്‍ കാര്യക്ഷമമാക്കാനായി ഫയര്‍ ഓഡിറ്റിംഗ് നടത്തുകയും ഇതുമായി ബന്ധപ്പെട്ട ഉപകരങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുകയും, കേടായവ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായപ്പോള്‍ കൂടുതല്‍ അപകടം ഉണ്ടാകാതിരുന്നത്.

അപകടത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന ഡയാലിസ് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികൾ ആശുപത്രി അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു. അതുവരെ, ഡയാലിസിസ് ഉള്‍പ്പെടെയുള്ളവ യാതൊരു തടസവും കൂടാതെ നടത്തുന്നതിന് പീഡിയാട്രിക്, കാര്‍ഡിയോളജി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ മെഡിസിന്‍ ഐ.സി.യു എന്നിവിടങ്ങളിൽ അധികം വെന്റിലേറ്റര്‍ ഉള്‍പ്പെടെ സ്ഥാപിച്ചു കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് എം.എസ് ഷര്‍മ്മദ് അറിയിച്ചു.