അർജന്റീനയ്ക്ക് ഇന്ന് ജീവൻമരണ പോരാട്ടം: എതിരാളി ക്രൊയേഷ്യ

#

മോസ്കൊ(21-06-2018): റഷ്യ ലോകകപ്പിൽ ഇന്ന് പോരാട്ടം പൊടിപാറും. ആദ്യജയം തേടി അർജന്റീനയുടെ മെസ്സിപ്പട ഇന്ന് ക്രൊയേഷ്യയെ നേരിടാനിറങ്ങുന്നു. എന്നാൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കപ്പെട്ട നൈജീരിയയെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ക്രൊയേഷ്യ ഇന്ന് ബൂട്ട് കെട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 11.30 നാണ് മത്സരം.

അർജന്റീനയേയും സൂപ്പർ താരം മെസ്സിയെയും സംബന്ധിച്ച് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. അർജന്റീനയ്ക്ക് ജയിക്കാനായില്ലെങ്കിൽ ലോകകപ്പിനു വെളിയിലേക്കുള്ള ഫ്രീ ടിക്കറ്റ് ആയി മാറും ഇന്നത്തെ മത്സരം. ആദ്യ മത്സരത്തിൽ ലഭിച്ച പെനാലിറ്റി പാഴാക്കിയ മെസ്സിക്കും ഇന്ന് നിർണായകമാവുകയാണ്. ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ വിമർശന ശരങ്ങളേറ്റു വാങ്ങുകയാണ് ലോക ഫുട്ബാളിന്റെ മിശിഹാ. ഇന്നത്തെ വിജയം അത്രയേറെ പ്രാധാന്യമർഹിക്കുന്നു എന്നത് കൊണ്ട് തന്നെ കളിക്കളത്തിൽ എന്തെങ്കിലും അത്ഭുതം ഒളിപ്പിക്കാനിടയുണ്ട് അർജന്റീനൻ കോച്ച് സാംപോളി.

ആദ്യ മത്സരം ജയിച്ചുവെങ്കിലും ഇന്നത്തെ കാര്യങ്ങൾ അത്ര സുഖകരമാകില്ല എന്നറിയാവുന്ന ക്രൊയേഷ്യയും കരുതി തന്നെയാകും ഇറങ്ങുക. രണ്ടാം വിജയം നേടി പ്രീ ക്വാർട്ടർ ഉറപ്പിക്കുകയാകും അവരുടെ ലക്‌ഷ്യം.

ഇതിനു മുൻപ് ഇരു ടീമുകളും ലോകകപ്പിൽ നേർക്ക് നേർ വന്നത് 1998ലെ ലോകകപ്പിലായിരുന്നു. അന്ന് വിജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു. എന്നാൽ കണക്കിലെയും കടലാസിലെയും കളികളെ തത്കാലം പുറത്തു നിർത്താം. നിലനിൽപ്പിനായി അർജന്റീനയും മികവ് തുടരാൻ ക്രൊയേഷ്യയും കളത്തിലിറങ്ങുമ്പോൾ ആവേശം കൊടി കയറുമെന്നുറപ്പാണ്. അന്തിമ ഫലം എന്ത് തന്നെയായാലും ഈ ലോകകപ്പിലെ മികച്ച ഒരു മത്സരത്തിനാകും ഇന്ന് മോസ്കൊ നഗരം ഇന്ന് സാക്ഷ്യം വഹിക്കുക.