2014 അല്ല 2019 ബി.ജെ.പിയ്ക്ക് മുന്നറിയിപ്പുമായി ജെ.ഡി.യു

#

പാറ്റ്‌ന (22-06-18) : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ച് ഇപ്പോള്‍ തന്നെ വ്യക്തമായ ധാരണയുണ്ടാക്കേണ്ടത് ആവശ്യമാണെന്ന് എന്‍.ഡി.എയിലെ മുഖ്യകക്ഷിയായ ജനതാദള്‍(യു). എന്‍.ഡി.എ ഘടകക്ഷികള്‍ ഒന്നിച്ചിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും വേണമെന്നാണ് ജനതാദള്‍ (യു) വിന്റെ ആവശ്യം. എന്‍.ഡി.എ ഒരു മുന്നണി എന്ന നിലയില്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. മുന്നണിയെ ശക്തമാക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടിയാകും ഉണ്ടാവുക എന്ന് ജെ.ഡി.(യു) നേതാക്കള്‍ ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു.

2014 ല്‍ ബീഹാറിലെ 40 സീറ്റുകളില്‍ 31 സീറ്റുകള്‍ എന്‍.ഡി.എയ്ക്ക് ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 22 സീറ്റും ജെ.ഡി.യുവിനു 2 സീറ്റും റാംവിലാസ് പസ്വാന്റെ എല്‍.ജെ.പിക്ക് 6 സീറ്റുകളുമാണ് ലഭിച്ചത്. 2014 ലെ സീറ്റുവിഭജനത്തിന്റെ കണക്ക് ഇപ്പോള്‍ സ്വീകരിക്കാന്‍ ഒരു തരത്തിലും കഴിയില്ലെന്ന നിലപാടിലാണ് ജെ.ഡി.(യു). എന്‍.ഡി.എയ്ക്ക് എതിരായി ശക്തമായ പൊതുവികാരം നിലനില്‍ക്കുന്ന സാഹചര്യവും പ്രതിപക്ഷത്ത് രൂപം കൊണ്ട ഐക്യവും കണക്കിലെടുക്കണമെന്ന് ജെ.ഡി.(യു) നേതാക്കള്‍ പറയുന്നു.

രാജ്യത്ത് ബി.ജെ.പിക്ക് എതിരായ പൊതുവികാരം ശക്തിപ്പെടുകയും എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ ഒന്നൊന്നായി  ബി.ജെ.പിയെ കയ്യൊഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവശേഷിക്കുന്ന ഘടകകക്ഷികള്‍ ബി.ജെ.പിക്കു മേല്‍ ചെലുത്താന്‍ സാധ്യതയുള്ള സമ്മര്‍ദ്ദത്തിന്റെ സൂചനയാണ് ജനതാദള്‍(യു) വില്‍ നിന്ന് ഇപ്പോള്‍ ഉണ്ടാകുന്നത്.