കോച്ച് ഫാക്ടറി : കേന്ദ്രം കേരളത്തെ വഞ്ചിച്ചെന്ന് പിണറായി

#

ന്യൂഡല്‍ഹി (22-06-18) : പാലക്കാട് കഞ്ചിക്കോട് കോച്ച്ഫാക്ടറി ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് കേന്ദ്രസര്‍ക്കാർ കടുത്ത വിവേചനമാണ് കാട്ടുന്നതെന്ന് പിണറായി പറഞ്ഞു.

ഡൽഹി റയില്‍ഭവനു മുമ്പില്‍ ഇടതുമുന്നണി എം.പിമാർ നടത്തിയ പ്രതിഷേധധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 36 വര്‍ഷത്തെ വാഗ്ദാന ലംഘനത്തിന്റെ ഭാഗമാണ് കഞ്ചിക്കോട് ഫാക്ടറിയുടെ കാര്യത്തിലുണ്ടായതെന്ന് പിണറായി പറഞ്ഞു. മാറി മാറി വന്ന സര്‍ക്കാരുകള്‍ കേരളത്തെ വഞ്ചിക്കുകയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോഴാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അനുമതി ലഭിച്ചത്. പക്ഷേ, തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

എം.ബി.രാജേഷ് എം.പി, റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് അയച്ച കത്തിനുള്ള മറുപടിയിലാണ്  കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി അനുവദിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് കേന്ദ്രം പിന്മാറുകയാണെന്ന വിവരം    വ്യക്തമായത്. കോച്ച് ഫാക്ടറി യാഥാർത്ഥ്യമാക്കാൻ ശക്തമായ സമ്മർദ്ദം ചെലുത്താനാണ് ഇടതുമുന്നണി എം.പിമാരുടെ തീരുമാനം.