മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റ്

#

തിരുവനന്തപുരം (22-06-18) : മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റാകും. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അടിമുടി പുനഃസംഘടന വരുത്തുന്നതിന്റെ ഭാഗമായി മുല്ലപ്പള്ളിയെ കെ.പി.സി.സിയുടെ അദ്ധ്യക്ഷനായി നിയോഗിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. ഉടന്‍തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. പഴയ ഐ ഗ്രൂപ്പിന്റെ ഭാഗമായ മുല്ലപ്പള്ളി, കുറേക്കാലമായി ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. നേതൃമാറ്റത്തിനുവേണ്ടിയുള്ള ആവശ്യത്തില്‍ പല പേരുകളും പരിഗണിച്ചെങ്കിലും ഗ്രൂപ്പുകളുടെ ഭാഗമല്ലാത്ത ഒരാള്‍ എന്ന പരിഗണനയാണ് പ്രധാനമായും മുല്ലപ്പള്ളിക്ക് അനുകൂലമായി മാറിയത്. കേന്ദ്ര നേതൃത്വത്തിന് തൃപ്തികരമായ തരത്തില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയ അനുഭവവും മുല്ലപ്പള്ളിക്ക് അനുകൂലമായി മാറി.

കെ.സുധാകരന്‍, ബന്നിബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി പല പേരുകളും അവസാനം വരെ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്നു. ബന്നി ബഹനാന്‍ പ്രസഡിന്റാകുന്നതിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ താല്പര്യം. എ ഗ്രൂപ്പുകാരനും അഹിന്ദുവുമായ ഒരാള്‍ വരണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആഗ്രഹം. ഐ ഗ്രൂപ്പുകാരനും ഹിന്ദുവുമായ ഒരാള്‍ കെ.പി.സി.സി പ്രസിഡന്റാകുന്നത് തന്റെ പ്രതിപക്ഷനേതാവ് സ്ഥാനത്തിന് ഒരു വെല്ലുവിളിയാകും എന്ന ഭയം ചെന്നിത്തലയ്ക്കുണ്ട്. ദളിത് വിഭാഗത്തില്‍പെട്ടയാള്‍ എന്ന പരിഗണനയും എ.കെ.ആന്റെണിയുമായുള്ള അടുപ്പവുമാണ് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാൻ കാരണം. എന്നാൽ സുരേഷിനെ പിന്തുണയ്ക്കാൻ ആരുമുണ്ടായില്ല. കെ.സുധാകരനെ പിന്തുണയ്‌ക്കേണ്ടിയിരുന്ന ഐ ഗ്രൂപ്പ് അതില്‍ താല്പര്യം കാണിച്ചില്ല. കെ.പി.സി.സി പ്രസിഡന്റായിക്കഴിഞ്ഞാല്‍ സുധാകരന്റെ മോഹങ്ങള്‍ എങ്ങനെ വേണമെങ്കിലും ഉയര്‍ന്നു പോകാം എന്ന ഭയം ചെന്നിത്തലയ്ക്കും ഐഗ്രൂപ്പ് നേതാക്കള്‍ക്കുമുണ്ട്.

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തിനു വേണ്ടി എം.എം.ഹസ്സന്‍ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് സ്ഥാനത്തും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തും ഹിന്ദുവിഭാഗത്തിലെ രണ്ടു സമുദായങ്ങളില്‍പെട്ടവര്‍ വരികയും എ.കെ.ആന്റണി വര്‍ക്കിംഗ് കമ്മിറ്റി അംഗമെന്ന നിലയിലും ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയിലും ക്രൈസ്തവസമുദായം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ തന്നെ പ്രാതിനിധ്യം നേടുകയും ചെയ്യുമ്പോള്‍ മുസ്ലീം സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ത്തിയാണ് ഹസ്സന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തിന് അവകാശവാദമുന്നയിക്കുന്നത്. ആര്യാടന്‍ മുഹമ്മദ്, എം.ഐ.ഷാനവാസ്, കെ.മുഹമ്മദാലി, തലേക്കുന്നില്‍ ബഷീര്‍ തുടങ്ങിയ നേതാക്കളില്‍ ഷാനവാസ് ഒഴികെ ബാക്കിയെല്ലാവരും സജീവമായി രംഗത്തില്ലാത്ത സാഹചര്യത്തില്‍ മുസ്ലീം പ്രാതിനിധ്യത്തിന്റെ പേരില്‍ ഹസ്സന്‍ യു.ഡി.എഫ് കണ്‍വീനറാകാനാണ് സാധ്യത. നിരവധി ഡി.സി.സി പ്രസിന്റുമാര്‍ക്കും മാറ്റമുണ്ടാകും.