സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീങ്ങി

#

റിയാദ്(24-06-2018): മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീക്കി. ഇതോടെ സൗദിയില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ വണ്ടിയോടിച്ചു തുടങ്ങി. ആയിരക്കണക്കിന് സ്ത്രീകളാണ് വിലക്ക് നീങ്ങിയതോടെ ഞായറാഴ്ച വാഹനങ്ങളുടെ സ്റ്റിയറിങ് കൈയിലെടുത്തത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം സമര്‍ അല്‍മോഗ്രനാണ് ഈ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ഭാഗമായി സൗദിയില്‍ ആദ്യമായി വാഹനമോടിച്ച സ്ത്രീ. അര്‍ധരാത്രി കിങ് ഫഹദ് ഹൈവേയിലൂടെ വണ്ടിയോടിച്ചാണ് സമര്‍ ഈ ചരിത്രം സൃഷ്ടിച്ചത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് വിപ്ളവകരമായ ഇൗ തീരുമാനമെടുത്തത്. സ്ത്രീകള്‍ക്കും വണ്ടി ഓടിക്കാമെന്ന പ്രഖ്യാപനം വന്നതുമുതല്‍തന്നെ ആയിരക്കണക്കിന് ആളുകളാണ് ഡ്രൈവിങ് പരിശീലനത്തിന് ചേര്‍ന്നത്. ഈ മാസം ആദ്യം തന്നെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. വിവിധ പ്രവിശ്യകളില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് പരിശീലനത്തിനുള്ള കേന്ദ്രങ്ങളും തുറന്നു. നാല് സര്‍വകലാശാലകളുമായി ഇതിനായി കരാറും ഒപ്പുവെച്ചു.

സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ വനിതാ ടാക്‌സികളും നിരത്തിലിറങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശി സ്ത്രീകള്‍ക്ക് മാത്രമാണ് വനിതാടാക്‌സി ഓടിക്കാന്‍ അനുമതി. ഇതിനുപുറമേ പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകളും സ്ത്രീകള്‍ക്ക് ഓടിക്കാം.