രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം : ശശികുമാർ

#

ചെന്നൈ (25-06-18) : രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ. ഭയത്തിന്റെയും കലാപത്തിന്റെയും അന്തരീക്ഷം നിലനിറുത്തുക ഫാഷിസ്റ്റ് സ്വഭാവമുള്ള ഭരണകൂടത്തിന്റെ ശൈലിയാണെന്ന് ശശികുമാർ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചും മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഏഷ്യാനെറ്റ് സ്ഥാപകനും ചെന്നൈയിലെ ഏഷ്യൻ കോളേജ് ഒഫ് ജേണലിസം ചെയർമാനുമായ ശശികുമാർ.

യു.എസ്.എ യിൽ ട്രംപ് അധികാരത്തിൽ വരുന്നതിനു മുമ്പ് രണ്ടായിരത്തോളം മാധ്യമങ്ങൾ അദ്ദേഹത്തിന് എതിരായിരുന്നു. ഇരുന്നൂറോളം മാധ്യമങ്ങൾ മാത്രമായിരുന്നു ട്രംപിനെ അനുകൂലിച്ചത്. ട്രംപ് അധികാരത്തിൽ വന്നതിനു ശേഷവും സ്ഥിതിയിൽ മാറ്റമില്ല. മുമ്പ് എതിർത്തിരുന്ന മാധ്യമങ്ങളിലേറെയും ഇപ്പോഴും ട്രംപിന് എതിരാണ്. ഇവിടെ സ്ഥിതി അങ്ങനെയാണോ എന്ന് ശശികുമാർ ചോദിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദിയെ വിമർശിച്ചിരുന്ന മിക്ക മാധ്യമങ്ങളും ഇന്ന് നിലപാട് മാറ്റിയിരിക്കുന്നു. മോദിയിലും ബി.ജെ.പിയിലുമാണ് ഭാവി എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെക്കുറിച്ചല്ല പറയുന്നത്. അത് അവയുടെ നിലപാടാണ്. മോദി അധികാരത്തിലെത്തുന്നതിനു മുമ്പ്, തങ്ങൾ സ്വതന്ത്ര മാധ്യമങ്ങളാണ് എന്ന ധാരണ സൃഷ്ടിക്കാൻ ശ്രമിച്ച പല മാധ്യമങ്ങളെയും നോക്കൂ. അവസരവാദപരമായ നിലപാടെടുക്കുകയാണ് ആ മാധ്യമങ്ങൾ. ഭയം മൂലം ബി.ജെ.പിയെ അനുകൂലിക്കുകയാണ് പലരും. ബി.ജെ.പി സർക്കാർ എന്തും ചെയ്യുമെന്ന ഭയമുണ്ട്.

സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്ന മാധ്യമ പ്രവർത്തകരുടെ ജീവന് ഭീഷണി നിലനിൽക്കുന്ന സാഹര്യത്തിൽ മാധ്യമപ്രവർത്തകർക്ക് ഭയമുണ്ടാകുന്നത് മനസ്സിലാക്കാൻ കഴിയും. ബൂർഷ്വാ മാധ്യമങ്ങളുടെ സഹജ സ്വഭാവമാണ് അവസരവാദമെന്ന് പറയുമ്പോൾ തന്നെ മുമ്പ് ഇതേ പോലെയുള്ള സാഹചര്യങ്ങളിൽ, അടിയന്തരാവസ്ഥയിലുൾപ്പെടെ, ശക്തമായ നിലപാടെടുത്ത ബൂർഷ്വാ മാധ്യമങ്ങളുണ്ടന്ന കാര്യം മറക്കരുത്. ഇന്ത്യൻ എകസ് പ്രസും രാംനാഥ് ഗോയങ്കയും എത്ര ശക്തമായ നിലപാടാണ് സ്വീകരിച്ചത് എന്നോർക്കുക. പക്ഷേ, അന്നത്തേതിൽ നിന്ന് ഒരു വലിയ മാറ്റം ഇന്നുണ്ടായിരിക്കുന്നത് മാധ്യമങ്ങൾ പൂർണ്ണമായും ബിസിനസ്സായി മാറിയിരിക്കുന്നു എന്നതാണ്. മുമ്പും ബിസിനസ്സായിരുന്നെങ്കിലും ഇന്ന് അതു സമ്പൂർണ്ണമായും വിപണിയുടെ നിയന്ത്രണത്തിലായിരിക്കുന്നു.

ദൃശ്യമാധ്യമങ്ങളിൽ എല്ലാവരും അർണബ് ഗോസ്വാമിമാരാകാൻ ശ്രമിക്കുകയാണ് ഇവിടെ. ആക്രോശിക്കുകയും വിധി കല്പിക്കുകയുമല്ല മാധ്യമ പ്രവർത്തകരുടെ കടമ. വസ്തുതകൾ ശരിയായി ജനങ്ങളുടെ മുന്നിലെത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. ജനങ്ങൾക്ക് വിലയിരുത്തൽ നടത്താൻ സഹായമാകുന്ന തരത്തിൽ ശരിയായ വസ്തുതകൾ അവർക്ക് ലഭ്യമാക്കുക എന്നതാണ് മാധ്യമങ്ങളുടെ പ്രാഥമികമായ ഉത്തരവാദിത്വം.  ഇന്നത്തേതു പോലെ ഫാഷിസ്റ്റു ഭീഷണി നേരിടുന്ന ഒരു ഘട്ടത്തിൽ തങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് തിരിച്ചറിഞ്ഞ് ആ വെല്ലുവിളി ഏറ്റെടുക്കാൻ മാധ്യമപ്രവർത്തകർ തയ്യാറാകണം.

സാധാരണ സമാധാനപരമായ സാഹചര്യങ്ങളിൽ ഫാഷിസത്തിന് നിലനിൽക്കാനാവില്ല. അതു കൊണ്ട് തന്നെ കലാപങ്ങൾ സൃഷ്ടിക്കാൻ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിച്ചു കൊണ്ടേയിരിക്കും. ശത്രുക്കളില്ലെങ്കിൽ ഉണ്ടാക്കും. സാങ്കല്പിക ശത്രുക്കളെ സൃഷ്ടിച്ച് ജനങ്ങളിൽ ഭീതി നിലനിറുത്താൻ ഫാഷിസ്റ്റു ഭരണകൂടങ്ങൾ ശ്രമിക്കും. പക്ഷേ, എല്ലാക്കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാൻ കഴിയില്ല എന്നാണല്ലോ. ഫാഷിസത്തിന്റെ ഭയപ്പെടുത്തൽകൊണ്ട് തൊഴിലാളികളും കർഷകരും സാധാരണ മനുഷ്യരും നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. യഥാർത്ഥ പ്രശ്നങ്ങൾ മുൻനിർത്തിയുള്ള പോരാട്ടങ്ങളാണ് ഭരണകൂടത്തിന്റെ ഫാഷിസ്റ്റു നയങ്ങൾക്കുള്ള മറുപടി.

ബി.ജെ.പിക്ക് എതിരായ വോട്ടുകള്‍ ഭിന്നിച്ചു പോകാത്ത തരത്തില്‍ സമ്പൂര്‍ണ്ണമായ പ്രതിപക്ഷഐക്യമാണ് ആവശ്യം. ഇപ്പോഴും പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കിടയില്‍ സംശയങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. കോണ്‍ഗ്രസുമായി കൂടാമോ, പ്രതിപക്ഷ ഐക്യത്തിന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കാമോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്. വിശാലമായ പ്രതിപക്ഷ ഐക്യത്തിലൂടെ മാത്രമേ ബി.ജെ.പിയെ ചെറുക്കാന്‍ കഴിയൂ. There Is No Alternative (TINA) എന്ന ധാരണ ഇല്ലാതായാലേ ജനങ്ങളുടെ പിന്തുണ വോട്ടായി മാറൂ. സാധാരണ ഗതിയിലുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ല അധികാരത്തിലിരിക്കുന്നതെന്നും ഫാഷിസത്തെ നേരിടാന്‍ വേറിട്ട അടവുകള്‍ ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് പ്രതിപക്ഷത്തിനുണ്ടാകണം. ബി.ജെ.പിക്ക് എതിരായ ശക്തമായ വികാരം ജനങ്ങളിലുണ്ട്. അടുത്തുവരാന്‍ പോകുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, നിയമസഭാ തെരഞ്ഞെടുപ്പുകളിലൊക്കെ അത് പ്രകടമാകും. പക്ഷേ, ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കാനുള്ള അവസരം നല്‍കാന്‍ പ്രതിപക്ഷം ശ്രദ്ധിക്കേണ്ടതുണ്ട്.