തണ്ണീർത്തട-നെൽവയൽ നിയമം ഭേദഗതി ചെയ്തു: ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

#

തിരുവനന്തപുരം(25-06-2018): നെല്‍വയല്‍-തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ അവതരണത്തിനിടെ നിയമസഭയില്‍ നായകീയരംഗങ്ങള്‍. ബില്‍ പ്രതിപക്ഷം സഭയില്‍ കീറിയെറിഞ്ഞു. "നെല്‍വയല്‍ തണ്ണീര്‍ത്തടസംഹാര" നിയമമാണ് സഭ പാസാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബില്‍ സഭ പാസാക്കി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

നിയമസഭാ ചരിത്രത്തിലെ കറുത്ത ദിവസമാണിതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രിം കോടതി വിധിക്ക് എതിരായാണ് നിയമനിര്‍മാണം നടത്തിയിരിക്കുന്നത്. നിയമം പാസാകുന്നതോടെ അവശേഷിക്കുന്ന നെല്‍വയലുകളും ഇല്ലാതാകും. വലിയ അഴിമതിക്കും സ്വജനപക്ഷപാതത്തിനും പ്രകൃതി നാശത്തിനും ഇത് വഴിവയ്ക്കും. കരിനിയമമാണ് സര്‍ക്കാര്‍ പാസാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

2008 ന് മുന്‍പ് ക്രമപ്പെടുത്തിയ ഭൂമി നികത്താന്‍ ഭേദഗതിയിലൂടെ അവസരം നല്‍കുന്നതാണ് ബില്‍. നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവ കൂടാതെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പദവി കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് തീറെഴുതുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പൊതു ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്കും വയല്‍ നികത്താന്‍ അനുമതി നല്‍കുന്നതാണ് ഭേദഗതി ബില്‍.