കാവാല ശൈലിയിലലിഞ്ഞ് സോപാനം

#

കൊല്ലം(26-06-2018): പിരി മുറുക്കിയ വായ്ത്താരികളും കുട്ടനാടന്‍ പദങ്ങള്‍ നാടന്‍ ശീലില്‍ കോര്‍ത്ത സംഗീത വിരുന്നും "കല്ലുരുട്ടി" എന്ന നാടക വിസ്മയവും കൊല്ലം സോപാനത്തിന്റെ അരങ്ങും അങ്കണവും കാവാല ശൈലിയില്‍ അലിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാടക ജീവികള്‍ കാവാല താളത്തിന്റെ അലകളില്‍ സ്വയംമറന്ന് ആടിയുലഞ്ഞ് താളം പിടിച്ചു നടക്കുന്ന കാഴ്ച്ച ഒരു മഹാ പ്രതിഭയുടെ അര്‍പ്പണത്തിന്റെ ആഴം ബോധ്യമാക്കുന്നു.

വടക്കത്തി പെണ്ണും കുമ്മാട്ടിയും മറ്റ് കാവാല കാവ്യങ്ങളും വേദിയില്‍ നെടുമുടി വേണുവും കാവാലം ശ്രീകുമാറും മറ്റു കലാകാരന്‍മാരും പാടിപറഞ്ഞപ്പോള്‍ അങ്കണത്തില്‍ അണിയറ കലാകാരന്‍മാര്‍ കുരുത്തോല കൊണ്ട് നെയ്ത നാടക വേഷങ്ങളുടെ അവസാന മിനുക്കു പണിയിലായിരുന്നു. കണ്ണൂര്‍ ഫോക്‌ലോർ അക്കദമി അവതരിപ്പിച്ച "ചിമ്മാനം കളി" കാവാലം മഹോത്സവത്തിന്റെ വേറിട്ട അനുഭവമായി.

തിരുവനന്തപുരം സോപാനം നാടകസംഘത്തിന്റെ രക്ഷാധികാരി ചാലയില്‍ വേലായുധപണിക്കരുടെ അധ്യക്ഷതയില്‍ പ്രശസ്ത ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തില്‍ ചലച്ചിത്ര തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തി.

ചലചിത്രനടന്‍ മധു, പാലോട് രവി എം.എല്‍. എ, നാടക പ്രവര്‍ത്തകരായ ചന്ദ്രദാസന്‍, പി. ജെ. ഉണ്ണികൃഷ്ണന്‍ തുടങ്ങി കലാ സംസ്കാരിക രംഗത്തെ നിരവധി പ്രശസ്തര്‍ പങ്കെടുത്തു.