ചിലരെ ദൈവങ്ങളാക്കാന്‍ അടിമകളെ സൃഷ്ടിക്കുന്ന സംഘടന : വിനയന്‍

#

(27-06-18) : ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച അമ്മ എന്ന സംഘടന, തങ്ങളുടെ അംഗങ്ങളില്‍ ഒരാളായ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് ഒരു നിമിഷം ആലോചിക്കാന്‍ തയ്യാറായില്ലെന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് പ്രശസ്ത സംവിധായകന്‍ വിനയന്‍. പ്രശസ്തയായ നടിയാണ് അവര്‍. സ്വന്തമായി അഭിഭാഷകനെ വെച്ച് കേസ് നടത്തുന്ന ആ നടിയോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പറയാന്‍ ബാധ്യതയുണ്ടായിരുന്ന സംഘടന ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിനയന്‍ ചോദിച്ചു. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് പ്രമുഖരായ 4 നടിമാര്‍ രാജിവെച്ച പശ്ചാത്തലത്തില്‍ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മലയാള സിനിമയിലെ താര രാജാക്കന്മാരുടെ നിത്യശത്രുവായ വിനയന്‍.

കഴിഞ്ഞ ദിവസം അമ്മ ജനറല്‍ ബോഡി എടുത്ത തീരുമാനം ആ സംഘടനയുടെ ബൈലോ പ്രകാരം ശരിയോ തെറ്റോ എന്നത് കേരളീയ സമൂഹത്തിന്റെ വിഷയമല്ല എന്ന് വിനയന്‍ പറഞ്ഞു. ക്രൂരമായ ആക്രമണം നേരിട്ട അംഗത്തോടൊപ്പം നില്‍ക്കാതെ കുറ്റാരോപിതനെ സംരക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്ന അമ്മ എന്ന സംഘടന നമ്മുടെ സമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ട പുരോഗമന മൂല്യങ്ങളെ വെല്ലുവിളിക്കുകയാണ്. സംഘടനയുടെ ബൈലോ മുന്‍നിര്‍ത്തിയുള്ള സാങ്കേതിക വാദങ്ങള്‍ പരിഹാസ്യമാണെന്ന് വിനയന്‍ പറഞ്ഞു.

അമ്മയുടെ അദ്ധ്യക്ഷന്‍ മോഹന്‍ലാലാണ്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് സംഘടനയെ നിയന്ത്രിക്കുന്നത്. ഇക്കാര്യത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ജനറല്‍ ബോഡിയില്‍ വാ തുറക്കാതെ മൗനം സമ്മതലക്ഷണമെന്ന മട്ടില്‍ ഇരുന്നിട്ട് തീരുമാനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ അവര്‍ക്കാവില്ല. ഇത്രയും അസംബന്ധമായ ഒരു തീരുമാനമെടുക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂട്ടുനിന്നു എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ദിലീപിനു വേണ്ടി മാധ്യമങ്ങള്‍ക്കെതിരേ ഉറഞ്ഞു തുള്ളിയ എം.എല്‍.എമാരായ താരങ്ങളാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് വിനയന്‍ ആരോപിച്ചു. മാധ്യമങ്ങളോട് അപമര്യാദയായി പെരുമാറിയതിന് ജനങ്ങള്‍ക്കു മുമ്പില്‍ കുനിഞ്ഞുനില്‍ക്കേണ്ടി വന്നതിന്റെ പക വീട്ടുകയാണ് അവര്‍ ചെയ്യുന്നത്.

കോടാലിയാണ് അമ്മ എന്നു പറഞ്ഞതിന്റെ പേരില്‍ തിലകന്‍ ചേട്ടനെ ആജീവനാന്തം വിലക്കി അദ്ദേഹത്തിന്റെ മരണത്തിലേക്കുവരെ നയിച്ച സംഘടനയാണ് ക്രിമിനല്‍ കേസിലെ കുറ്റാരോപിതനുവേണ്ടി നില്‍ക്കുന്നത്. ക്രൂരമായ ആക്രമണത്തിനിരയായ നടിയുടെ കൂടെ നില്‍ക്കേണ്ട സംഘടന ഇതിനു സമാധാനം പറയണം. വലിയ വാചകമടിച്ച യുവനടന്മാരെവിടെപ്പോയി എന്ന് വിനയന്‍ ചോദിച്ചു. വാചകത്തിൽ വലിയ വിപ്ലവകാരികളായ യുവനടന്മാരൊന്നും ഈ തെറ്റായ തീരുമാനത്തിനെതിരെ ഒരക്ഷരം പറഞ്ഞില്ല.

മമ്മൂട്ടി മാറിയപ്പോള്‍ മോഹന്‍ലാല്‍. അവരൊക്കെ വളരെ തിരക്കുള്ളവരല്ലേ? ഏതെങ്കിലും ചെറുപ്പക്കാരെ സംഘടനയുടെ നേതൃത്വം ഏല്‍പ്പിക്കാത്തതെന്താണെന്ന് വിനയന്‍ ചോദിച്ചു. ഇവരുടെയൊക്കെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുള്ള വേദിയാണ് ഈ സംഘടന. അമ്മയുടെ സ്‌കിറ്റ് കണ്ടില്ലേ? എത്ര പരിഹാസ്യമാണ് അത്? പ്രായം ചെന്ന ചില നടന്മാരെ ദൈവങ്ങളാക്കാന്‍ വേണ്ടി പാവപ്പെട്ട നടീനടന്മാരെക്കൊണ്ട് വേഷം കെട്ടിച്ച് കാട്ടിക്കൂട്ടിയ വിഡ്ഢിത്തങ്ങള്‍ അമ്മ എന്ന സംഘടനയുടെ തനിനിറം പുറത്തു കാണിക്കുന്നതാണ്. അമ്മയില്‍ നിന്ന രാജിവെച്ച് പ്രതിഷേധിക്കാന്‍ തയ്യാറായ ആത്മാഭിമാനമുള്ള നടിമാരെ കേരളീയ സമൂഹത്തിലെ അഭിമാനബോധവും ചിന്താശീലവുമുള്ള എല്ലാവരോടുമൊപ്പം താനും അഭിനന്ദിക്കുന്നുവെന്ന് വിനയന്‍ പറഞ്ഞു.