റീമയാണ് താരം

#

(27-06-18) : മലയാളി ഏറെ അഭിമാനിക്കേണ്ട ദിവസമാണിന്ന്. മലയാളത്തിലെ താരരാജാക്കന്മാരെ വെല്ലുവിളിക്കാൻ അവരുടെയിടയില്‍ നിന്നുതന്നെ നാല് സ്ത്രീകൾ തയ്യാറായ ദിവസമാണിന്ന്. നാടുവാഴി ചമഞ്ഞു നടക്കുന്ന ചില കടൽക്കിഴവന്മാരും അവരുടെ അടിയാളന്മാരും ചേര്‍ന്നു നടത്തുന്ന മലയാള സിനിമ എന്ന മനുഷ്യത്വവും നെറിയുമില്ലാത്ത കൂട്ടുകച്ചവടത്തിന് തങ്ങളില്ല എന്ന് നാലു സ്ത്രീകൾ വിളിച്ചുപറയുന്നത്, പുതിയ കാലത്തെ മാറുമറയ്ക്കല്‍ സമരമാണ്.

താരത്തിളക്കത്തിന്റെയും പണക്കൊഴുപ്പിന്റെയും രംഗമാണ് സിനിമ. അതിനകത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ ഇതും രണ്ടും കൂടിയേ തീരൂ. പക്ഷേ അതിനുവേണ്ടി എല്ലാ മൂല്യങ്ങളെയും തൃണവല്ക്കരിക്കണമെന്നുള്ള സംസ്‌കാരം അധമമാണ്. ആ അധമസംസ്‌കാരത്തിനെതിരെയാണ് റിമ കല്ലിങ്കല്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമർശ നമുയർത്തിയത്. ഞങ്ങള്‍ക്ക് നിങ്ങളെ വേണ്ട, നിങ്ങള്‍ മനുഷ്യത്വമില്ലാത്തവരാണ്, സ്ത്രീകളെ ആത്മാഭിമാനമില്ലാത്തവരാക്കുന്നവരാണ് എന്നാണ് റീമ പറഞ്ഞത്. അവരുടെ കൂട്ടുകാരും പറഞ്ഞത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന കാര്യങ്ങള്‍ തന്നെ. വഞ്ചന, അനീതി, ഫാന്‍സ് അസോസിയേഷന്റെ പേശിബലം. നാലു പെണ്ണുങ്ങളുടെ ഈ വെല്ലുവിളി മലയാള സിനിമയിലെ ആണധികാരത്തിന്റെ വരിയുടയ്ക്കണം.

എഴുപതിനോടടുത്ത മമ്മൂട്ടിയും മോഹന്‍ലാലും കേരളം നാടു കടത്തിയ നാടുവാഴി രൂപങ്ങളുടെ പ്രതീകങ്ങളാണ്. ബാക്കിയുള്ള അവരുടെ ക്രോണികള്‍, അവരുടെ സാമന്തന്മാരും. ഇതില്‍ മേമ്പൊടിയ്ക്കായി ഓന്നോ രണ്ടോ സ്ത്രീകളെയും ചേര്‍ത്തിട്ടുണ്ട്. അവര്‍ക്ക് നാലുകെട്ടിനകത്താണ് സ്ഥാനം. എന്ത് മതമോ, ജാതിയോ ആയാലും അവരെല്ലാം പ്രകടിപ്പിക്കുന്നത് അത്യന്തം പ്രതിലോമകരമായ സവര്‍ണ്ണ, മേലാള സംസ്‌കാരമാണ്. ഈ സംസ്‌കാരമാണ് ഇവരുണ്ടാക്കുന്ന സിനിമ മുഴുവന്‍ അച്ചില്‍ വാര്‍ത്തപോലെ നിറഞ്ഞുനില്‍ക്കുന്നത്. ഈ സംസ്‌കാരമാണ് നവോത്ഥാന കേരളത്തെ മലീമസമാക്കുന്നത്.

ഈ മാലിന്യത്തിനെതിരായാണ് റീമ ആഞ്ഞടിച്ചത്. രണ്ടു ദിവസം മുമ്പ് അവര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖം ഒരുപക്ഷേ സമീപകാലത്ത് സ്ത്രീപക്ഷത്തുനിന്നു കേട്ട ഏറ്റവും ശക്തമായ ശബ്ദമായിരുന്നു. യാതൊരു ക്ലിഷ്ടതയുമില്ലാതെ എന്തുകൊണ്ട് മലയാള സിനിമ ആണധികാരത്തിന്റെ കൈപ്പിടിയിലാണെന്നും ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് അവിടെ നിലനില്‍ക്കാനാവില്ലെന്നും റീമ പറഞ്ഞു. എല്ലാവരും പുരുഷ നാടുവാഴികളോട് ഒട്ടിനിന്ന് സ്വന്തം കാര്യം നോക്കുന്ന സ്ത്രീകളെ കുറ്റം പറയുമ്പോഴും, റീമ അവരെ കുറ്റപ്പെടുത്തിയില്ല. റീമയുടെ കണ്ണില്‍ അവരും തന്നെപ്പോലെ ഈ ആണധികാരവര്‍ഗ്ഗത്തിന്റെ പരിക്കേറ്റവരാണ്.

ദിലീപല്ല പ്രശ്‌നം, ദിലീപിനോടുള്ള ആണുങ്ങളുടെ അമ്മയുടെ നിലപാടാണ്. ദിലീപ് ഒരുപക്ഷേ കുറ്റക്കാരനേ അല്ലായിരിക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ തന്നെ കുറ്റവാളി എന്നു പറഞ്ഞ് ചാര്‍ജ്ഷീറ്റ് കൊടുത്തിരിക്കുന്നയാളെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് നീതിബോധമില്ലാത്തതുകൊണ്ടല്ല. അവര്‍ ആണ്‍കോയ്മയുടെ പ്രയോക്താക്കളും അടിമകളുമായതുകൊണ്ടാണ്.

കെട്ടിയൊരുങ്ങിയ മമ്മൂട്ടി നടന്നു വരുമ്പോള്‍ പത്തടി മാറി പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന നടീനടന്മാരെക്കാണുമ്പോള്‍ ഓര്‍ക്കേണ്ടത് നമ്മുടെ നാട്ടില്‍ നിന്നും നാടു കടത്തിയ അയിത്തവും തൊട്ടു കൂടായ്മയുമാണ്. പ്രകടമായിത്തന്നെ നല്ലപ്രായം തോന്നിക്കുന്ന മോഹന്‍ലാലിനെ കാണുമ്പോള്‍, സ്റ്റേജില്‍ കുറേ പെണ്ണുങ്ങള്‍ നെടുവീര്‍പ്പിടുന്നത് അയാളുടെ അധികാരം കണ്ടിട്ടാണ്. അവരെല്ലാവരും ചേര്‍ന്ന് സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ കളിയാക്കുമ്പോള്‍ തെളിയുന്നത് അവരുടെ അധമസംസ്‌കാരമാണ്. ആ സംസ്‌കാരത്തിനെതിരായാണ് റീമ ശബ്ദമുയര്‍ത്തിയിരിക്കുന്നത്. ഇതെല്ലാവരും ഏറ്റെടുക്കേണ്ടിയിക്കുന്നു. അല്ലെങ്കില്‍ സ്വന്തം കരിയര്‍ പോലും റിസ്‌ക് ചെയ്ത് റീമയും അവരുടെ കൂട്ടുകാരും എടുത്ത തീരുമാനം വ്യർത്ഥമായി പോയെന്നിരിക്കും.

റീമയാണ് നമ്മുടെ താരം. അവരാണ് ഇന്നത്തെ കേരളത്തിലെ സ്ത്രീ ശക്തിയുടെ പ്രതീകം.