മെക്സിക്കോയെ തകർത്ത് സ്വീഡൻ പ്രീ ക്വാർട്ടറിൽ

#

മോസ്കൊ(27-06-2018): മെക്സിക്കോയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് മുക്കി സ്വീഡൻ 2018 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് കുതിച്ചെത്തി. മെക്സിക്കോയുടെ മുന്നേറ്റങ്ങൾക്കു മുന്നിൽ പാറപോലെ ഉറച്ചു നിന്ന പ്രതിരോധ നിരയും , മിന്നലാക്രമണങ്ങളിലൂടെ മുന്നേറ്റനിരയ്ക്ക് നിരന്തരം പന്തെത്തിച്ച മധ്യനിരയും ,കിട്ടിയ അവസരങ്ങളെല്ലാം പിഴവില്ലാതെ മുതലാക്കിയ ഫോർവേഡുകളും അവിസ്മരണീയമായ വിജയമാണ് സ്വീഡന് സമ്മാനിച്ചത്.

ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം ജയിക്കാനുറച്ചായിരുന്നു രണ്ടാം പകുതിയിൽ സ്വീഡൻ കളത്തിലിറങ്ങിയത് .50 ആം മിനിറ്റിൽ ക്ലിസൺ നൽകിയ ലൂപ്പിങ് ക്രോസ്സ് പിടിച്ചെടുത്ത് അഗസ്റ്റിൻസൺ തൊടുത്ത ഷോട്ട് 2014 ലെ മികച്ച ഗോളിമാരിൽ ഒരാളായ ഒച്ചോവക്ക് ഒരവസരവും നൽകാതെ വലയുടെ മോന്തായത്തിൽ തറച്ചു. കളിയുടെ 62 ആം മിനിറ്റിൽ ഹെക്ടർ മോറിനോ വരുത്തിയ ഫൗളിന് ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഗ്രാൻക്വിസ്റ്റ് സ്വീഡന് രണ്ടു ഗോളിന്റെ ലീഡ് നൽകി. എഴുപത്തിനാലാം മിനിട്ടിൽ സ്വീഡന്റെ മുന്നേറ്റത്തിനിടയിൽ പന്ത് ക്ലിയർ ചെയ്യാനുള്ള മെക്സിക്കോയുടെ അൽവാരസിന്റെ ശ്രമം സെൽഫ് ഗോളിൽ കലാശിച്ചു. രണ്ടാം ജയത്തോടെ 6 പോയിന്റ് കരസ്ഥമാക്കിയ സ്വീഡൻ ജർമ്മനിയെ പിന്തള്ളി പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.